അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു

 

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വ്യത്യസ്ത ആറു കേസുക‌ളായി കടത്താൻ ശ്രമിച്ച 2.6 കിലോ സ്വർണമാണ് പിടിച്ചത്. ഇതിന് 80.20 ലക്ഷം വില വരും.അനധികൃതമായി കടത്താൻ ശ്രമിച്ച10.43ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടിയിട്ടുണ്ട്.

ഇവ കൂടാതെ മൂന്ന് കേസുകളായി 2.7 കിലോ വരുന്ന പേസ്റ്റു രൂപത്തിലുള്ള സ്വർണം അടങ്ങിയ മിശ്രിതവും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ തന്നെ മിശ്രിതത്തിൽ സ്വർണം ഉണ്ടെന്ന് മനസിലായതിനെത്തുടർന്ന് സ്വർണം വേർതിരിച്ചെടുക്കാനും ഇതിന്‍റെ മൂല്യനിർണയിക്കാനുമുള്ള നടപടികൾ നടക്കുകയാണ്.

അബുദാബിയിൽ നിന്നും എത്തിഹാദ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നും 27.05 ലക്ഷം വില വരുന്ന 859 ഗ്രാം സ്വർണവും പിടിച്ചെടുത്തവയിൽപെടും. ഇയാൾ സ്വർണം ഡിസ്ക് രൂപത്തിലാക്കി ഡ്രൈ ഫ്ര‌യറിന്‍റെ അടിയിൽ പൊളളയായ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.സംശയം തോന്നിയതിനെത്തുടർന്ന് ഡ്രൈ ഫ്ര‌യർ തുറന്ന് പരിശോധിക്കുകയായിരുന്നു. ദുബൈയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും സ്റ്റീൽ ഫ്ലാസ്കിൽ തകിടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 545.8 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇതിനു17.19 ലക്ഷം വില വരുമെന്ന് കസ്റ്റംസ് അറിയിച്ചു.