കേന്ദ്ര തീര്‍ത്ഥാടന ടൂറിസം പദ്ധതി: ‘പ്രസാദ്’ സ്കീമില്‍ മലയാറ്റൂരിനെ ഉള്‍പ്പെടുത്തും

.

മലയാറ്റൂർ:അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിനെ കേന്ദ്രസര്‍ക്കാരിന്‍റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയായ ‘പ്രസാദ്’ സ്കീമില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉറപ്പ് നല്‍കിയതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എം.എല്‍.എയുടെയും മലയാറ്റൂര്‍ പള്ളി വികാരി ഫാ: ഡോ. ജോണ്‍ തേയ്ക്കാനത്തിന്‍റെയും നേത്യത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്‍റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയായ പില്‍ഗ്രിമേജ് റിജുവനേഷന്‍ ആന്‍റ് സ്പിരിച്യുവല്‍ ഒഗ്‌മെന്‍റേഷന്‍ ഡ്രൈവ് (പ്രസാദ്) സ്കീമിലാണ് മലയാറ്റൂര്‍ കുരിശുമുടിയും, മണപ്പാട്ടുചിറ അടക്കമുള്ള സമീപ പ്രദേശങ്ങളും ഉള്‍പ്പെടുത്തുന്നത്. പ്രസാദ് സ്കീമില്‍ ഉള്‍പ്പെടുത്തുന്നതിനായി വിശദമായ പ്രൊപ്പോസല്‍ കണ്‍സള്‍ട്ടിംങ് ഏജല്‍സിയായ ജിറ്റ്പാക്കിന്‍റെ സഹായത്തോടെ തയ്യാറാക്കി സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനായി ജിറ്റ്പാക്കിന്‍റെ വിദഗ്ദസംഘം മലയാറ്റൂര്‍ കുരിശുമുടിയിലും, പള്ളിയിലും, മണപ്പാട്ടുചിറയിലും സന്ദര്‍ശനം നടത്തിയിരുന്നു.

എം.എല്‍.എ ജിറ്റ്പാക്കുമായി തിരുവന്തപുരത്ത് വിശദമായ ചര്‍ച്ചയും നടത്തുകയുണ്ടായി. സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അംഗീകാരത്തിനായി അയച്ചുകൊടുക്കും. നിലവില്‍ കേരളത്തില്‍ നിന്നും ഈ സ്കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഗുരുവായൂര്‍ ടെമ്പിള്‍ ടൗണ്‍ പദ്ധതിയാണ്.

പ്രസാദ് സ്കീമില്‍ ഉള്‍പ്പെടുത്തുവാന്‍ 51 കോടി രൂപയുടെ വിശദമായ പദ്ധതിയാണ് ജിറ്റ്പാക്ക് തയ്യാറാക്കിയിരിക്കുന്നത്. മണപ്പാട്ടുചിറയുടെയും, സമിപ പ്രദേശത്തിന്‍റെയും സമഗ്രമായ വികസനം, മലയാറ്റൂര്‍ അടിവാരം, കുരിശുമുടിയിലേക്കുള്ള വഴി, മലയാറ്റൂര്‍ താഴെപള്ളി മുതല്‍ അടിവാരം വരെയുള്ള പ്രദേശത്തിന്‍റെ വികസനം, സെന്‍റ് തോമസ് പള്ളിയോട് ചേര്‍ന്ന കടവിന്‍റെ വികസനം എന്നിവയാണ് പ്രധാനമായും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗികരിച്ച് കേന്ദ്ര ടൂറിസം വകുപ്പിന്‍റെ അനുമതിക്കായി സമര്‍പ്പിക്കും. സംസ്ഥാന സാര്‍ക്കാരില്‍ നിന്നും പ്രൊപ്പോസല്‍ ലഭിക്കുന്ന മുറക്ക് പദ്ധതിക്ക് അംഗീകാരം നല്‍കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചതായും റോജി പറഞ്ഞു.മലയാറ്റൂര്‍ സെന്‍റ്.തോമസ് പള്ളി ട്രസ്റ്റിമാരായ ജിനോ മാണിക്കത്താന്‍, മോമി തറയില്‍, ജോയി മുട്ടം തൊട്ടില്‍, മുന്‍ ട്രസ്റ്റിമാരായ കെ.പി. തോമസ്, ജോസഫ് മേനാച്ചേരി, തോമസ് മുട്ടം തൊട്ടില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.