തരിശുഭൂമിയിൽ പഞ്ചായത്തിന് കൃഷിയിറക്കാം : മന്ത്രി സുനിൽ കുമാർ

 

കാലടി: കേരളത്തിൽ 3 ലക്ഷം ഹെക്ടർ ഭൂമിയിൽകൂടി നെൽകൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു. കാലടി കൃഷിഭവൻ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്നതിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തരിശിട്ടിരിക്കുന്ന ഭൂമിയിൽ പഞ്ചായത്തിന് ഉടമയ്ക്ക് നോട്ടീസ് നൽകി 15 ദിവസത്തിനകം കൃഷി ആരംഭിക്കാം.തണ്ണീർതടം നികത്താൻ ആർക്കും അധികാരമില്ല.

കർഷകന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വേദിയായി കൃഷിഭവൻ മാറണം.  ഇന്ന് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവൻ പ്രവർത്തിക്കുന്നു.കർഷകർക്കായി ഗവൺമെന്റ് കാർഷിക കർമ്മസേന രൂപീകരിക്കും. കർമ്മസേനയ്ക്ക് 10 ലക്ഷം രൂപ നൽകും. ഇതിൽ 9 ലക്ഷം രൂപ യന്ത്രങ്ങൾ വാങ്ങുന്നതിനുവേണ്ടിയാണ്. അടുത്ത വർഷം ഒരു വാർഡിൽ ഒരു കർഷക സഭവീതം രൂപീകരിക്കും. കർഷകസഭയെ ജനകീയ സഭയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ. അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി മുൻ മന്ത്രി ജോസ് തെറ്റയിൽ, ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ, മാത്യൂസ് കോലഞ്ചേരി, എം.ടി. വർഗീസ്, കെ.സി. ബേബി, ടി.പി. ജോർജ്ജ്, കൃഷി ഓഫീസിർ ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു