കാലടിയിൽ ഗതാഗതപരിഷ്കാരം: അശാസ്ത്രീയമെന്ന് ബസ് ഉടമകൾ, സ്വീകാര്യമെന്ന് ജനങ്ങൾ

കാലടി:കാലടിയിലെ ഗതാകത കുരുക്ക് കുറക്കുന്നതിന് ഡിവൈഡറുകൾ സ്ഥാപിക്കുന്നു.പരിക്ഷണാർത്ഥം റോഡിൽ ടാർ വീപ്പകൾ നിരത്തി റിബൺ കെട്ടി തിരിച്ചിരിക്കുകയാണ്.മറ്റൂർ വില്ലേജ് ഓഫീസ് മുതൽ കാലടി പാലം വരെയാണ് റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നത്‌.

നോ പാർക്കിങ്, ബസ് സ്റ്റോപ്പ് തുടങ്ങിയ സൂചനാ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.ഡിവൈഡറുകൾ സ്ഥാപിക്കുന്നതിന് എട്ട് ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. എട്ട് മീറ്റർ നീളവും നാല് മീറ്റർ ഉയരവുമുള്ള 350 ബോർഡുകളാണ് ഡിവൈഡറിന് വേണ്ടത്.ഇതിൽ പരസ്യം ചെയ്യാൻ അനുവാദം നൽകി പണം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.

ഈ ഗതാഗത പരിഷ്‌ക്കാരം അശാസ്ത്രീയമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറയുന്നു. ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത് ഗതാഗത കരുക്ക് വർദ്ധിപ്പിക്കും. ഡിവൈഡറുകൾ സ്ഥാപിക്കുന്നത് പുന: പരിശോധിക്കണം. നാളുകൾക്കു മുമ്പ് ഇത്തരം പരീക്ഷണം നടത്തിയിരുന്നു. എന്നാൽ അന്ന് അത് പരാജയപ്പെടുകയായിരുന്നു.

വീതികുറഞ്ഞ റോഡിനു നടുവിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നത് റോഡ് നിയമങ്ങൾക്ക് വിരുദ്ധമാണ്. ആംബുലൻസ് കടന്നുപോകുന്നതിനു പോലും തടസം സൃഷ്ടിക്കുന്നതാണ് ദീർഘവീഷണമില്ലാത്ത ഇത്തരം പരിഷ്കാരം. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അധികാരികൾ വിമുഖത കാണിക്കുന്നതാണ് ഗതാഗത കുരുക്കിന്‍റെ പ്രധാന കരണം.

ഗതാഗത പരിഷ്‌ക്കാരത്തിന്‍റെ പേരിൽ യൂണിവേഴ്‌സിറ്റി കനാൽ റോഡ് വൺവേ ആക്കി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും അതിൽ അനിശ്ചിതത്വം തുടരുകയാണ്. മറ്റൂർ ചെമ്പിച്ചേരി റോഡ് പണി പൂർത്തിയാക്കാൻ കാലതാമസം നരിടുന്നതാണ് വലിയ പ്രതിസന്ധി. റോഡിന്‍റെ നിർമാണം പൂർത്തിയായാൽ മലയാറ്റൂർ, മാണിക്യമംഗലം ഭാഗത്തേക്കുളളതും തിരിച്ചും ഉളള ടിപ്പർ ടോറസ് അടക്കമുളള വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ പോകാൻ കഴിയും.

സമാന്തര പാലത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിൽ ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെ കേവലം ടൗണിൽ ഡിവൈഡറുകൾ മാത്രം സ്ഥാപിച്ച് അധികാരികൾ തടിയൂരുന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി കാലടി മേഖല പ്രസിഡന്‍റ് എ. പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവീസ് എന്നിവർ പറഞ്ഞു.

എന്നാൽ ഡിവൈഡർ വിജയമായിരിക്കുമെന്ന് യാത്രക്കാരുടെ പക്ഷം.സാധാരണ മണിക്കൂറുകൾ ഗതാഗതം തടസപ്പെട്ടുന്ന കാലടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടായിട്ടില്ല. ഗതാഗത തടസം ഉണ്ടാകുമ്പോൾ വാഹനങ്ങൾ നിരതെറ്റിച്ച് കടന്നുപോകാൻ ശ്രമിക്കുന്നതാണ് വൻ കരുക്കിനു കാരണമാകുന്നത്. ഇപ്പോൾ നിരയായാണ് വാഹനങ്ങൾ പോകുന്നത്. റോഡിന്‍റെ വശങ്ങളിലെ പാർക്കിങ്ങുകൾകൂടി ഒഴിവാക്കിയാൽ ഗതാഗതകുരുക്ക് കുറയുമെന്നും യാത്രക്കാർ പറയുന്നു.