ഓർമ്മകൾ പങ്കുവച്ച് കെ.ടി.എസ് പടന്നയിൽ

 

കെ.ആർ. സന്തോഷ് കുമാർ

നാടകമായിരുന്നു എല്ലാം……നീണ്ട 45 വർഷങ്ങൾ …….. മനസും ശരീരവും നാടകത്തിനായ് സമർപ്പിച്ചിട്ടുള്ള പ്രയാണം. അന്ന് ജീവിതവും ജീവിത സഖിയും നാടകമായിരുന്നു. ചില ദിവസം മൂന്ന് കളിയും വർഷത്തിൽ 350 ലേറെ നാടകവും കളിച്ചു. തിരിഞ്ഞുനോക്കുമ്പോൾ അതായിരുന്നു കാലം. നിസാർ സംവിധാനം ചെയ്യുന്ന ‘ലാഫിംഗ് അപ്പാർട്ട്‌മെന്റ് നിയർ ഗീതി നഗർ’ എന്ന സിനിമയുടെ സെറ്റിലിരുന്ന നടൻ കെ.ടി.എസ് പടന്നയിൽ പോയകാലം ഓർത്തെടുത്തു.

അറുപതാമത്തെ വയസിലാണ് പടന്നയിൽ രാജസേനൻ സംവിധാനം ചെയ്ത ‘ചേട്ടൻ ബാവ അനിയൻ ബാവ’ എന്നി സിനിമയിൽ അഭിനയിക്കുന്നത്. തുടർന്നിങ്ങോട്ട് 130 ഓളം സിനിമകൾ. റിലീസ് ചെയ്യാൻ അഞ്ചിലേറെ ചിത്രങ്ങൾ. പക്ഷേ, ആ നാടക കാലം ഓർക്കാനാണ് പടന്നയിലിന് താൽപ്പര്യം.
ചെറുപ്പത്തിലേ നാടകത്തിനോടായിരുന്നു കമ്പം. അന്ന് എറണാകുളം മുതൽ പൂന്തോട്ടവരെ 80 ഓളം നാടക സമിതികളുണ്ടായിരുന്നു.

നാടകം ഒരു വികാരമായി സാധാരണക്കാരനിൽ അലിഞ്ഞു നിൽക്കുന്ന സമയം. പല സമിതികളിലും ചാൻസ് ചോദിച്ചു. അന്ന് ‘ഫിഗർ’ ഇല്ല എന്ന കാരണം പറഞ്ഞ് മടക്കി. അത് വല്ലാത്ത സങ്കടം ഉണ്ടാക്കി. അന്ന് തൃപ്പൂണിത്തുറയിൽ അമ്പർ ചർക്ക ഗ്രൂപ്പ് എന്ന സ്ഥാപനം ഉണ്ടായിരുന്നു. അവിടെ ചേർന്നു. അതിൽ ചേർന്നതുതന്നെ വാർഷികത്തിന് നാടകം കളിക്കാലോ എന്ന പ്രതീക്ഷയിലാണ്. പക്ഷേ, മിച്ചം കാശുണ്ടായില്ല. പിന്നെ പലരുടേയും കയ്യും കാലും പിടിച്ച് ഇരന്നും ഒക്കെയായി സ്വൽപ്പം കാശുണ്ടാക്കി. വാർഷികത്തിന് വിവാഹദല്ലാൾ എന്ന നാടകം കളിച്ചു. സംവിധായകനും ഞാൻ തന്നെയായിരുന്നുവെന്ന് പ്രായത്തെ തോല്പിക്കുന്ന യൗവനവുമായി പടന്നയിൽ പറയുന്നു.

നാടകത്തിന് കയ്യടി കിട്ടി. പിന്നെ പല അമേച്വർ സമിതിക്കാരും വന്നു വിളിക്കാൻ തുടങ്ങി. 5 രൂപയായിരുന്നു പ്രതിഫലം. പിന്നെ ചങ്ങനാശ്ശേരി ഗീഥയിലെ ഏഴുരാത്രികൾ എന്ന നാടകത്തിലെ പാഷാണം വർക്കിയെന്ന കഥാപാത്രം നാടക ലോകത്ത് ഏറെ ചർച്ചചെയ്യപ്പെട്ടു. അന്ന് ഗീഥ നാടക സമിതി മലയാളത്തിലെ ഏറ്റവും ഗ്ലാമർ ട്രൂപ്പ് ആണ്. ഒരുമാതിരിയുള്ളവർക്കൊന്നും എത്തിപ്പെടാൻ കഴിയില്ല. ഗീഥയുടെ നാടക ഇറങ്ങുമ്പോഴേ ബുക്കിങ്ങ് തീർന്നിട്ടുണ്ടാകും. പിന്നീട് സർഗചേതന, സംഘചേതന, മാളവിക എന്നിങ്ങനെ നിരവധി ട്രൂപ്പുകൾ. തിരക്കുള്ള നടനായി മാറുകയായിരുന്നു.

അന്നൊക്കെ ഒരു ഗ്യാപ്പ് കിട്ടാൻ പ്രാർത്ഥിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ആലുവയിൽ വച്ച് രാജസേനനെ കാണുന്നതും ചേട്ടൻ ബാവ, അനിയാൻ ബാവ എന്നി സിനിമയിൽ അമ്മാവന്റെ വേഷം അഭിനയിക്കുന്നതും.ആ പടം ഹിറ്റായി. പടന്നയൻ പറയുന്ന ‘അവന്റെ മകനാണ് ഇവൻ’ എന്ന ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തു. തുടർന്ന് സെറ്റിൽ നിന്നും സെറ്റിലേയ്‌ക്കോടുന്ന തിരക്കുള്ള നടനായി മാറി പടന്നയിൽ.

ഈ പ്രായത്തിലും കെ.ടി സുബ്രഹ്മണ്യൻ എന്ന് കെ.ടി.എസ് പടന്നയലിന് കൈനിറയെ വേഷങ്ങളുണ്ട്. പ്രായത്തെ അഭിനയം എന്ന സിദ്ധികൊണ്ട് ഈ തൃപ്പൂണിത്തുറക്കാരൻ മറികടന്നു. സിനിമ ഷൂട്ടിംങ്ങുകൾക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ തന്റെ തൃപ്പൂണിത്തറ തെക്കുംഭാഗത്തുളള ചെറിയ പെട്ടികടയിൽ മുതലാളിയുടേയും സെയിൽസ്മാന്റേയും വേഷം അഭിനയിക്കണം. വർത്തമാനം പറഞ്ഞിരിക്കെ ഷോട്ട് റെഡിയായി. അസ്സോസിയേറ്റ് ഡയറക്ടർ റസൽ നിയാസ് വന്നുവിളിച്ചു. ഇരിയ്ക്ക് ഞാനിപ്പം വരാം എന്ന് പറഞ്ഞ് ദീർഘ നിശ്വാസത്തോടെ പടന്നയിൽ എഴുന്നേറ്റ് നടന്നു.