ശക്തമായ മഴയിൽ വീട് നിലംപൊത്തി 

കാലടി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെത്തുടർന്ന് വീട് തകർന്നു.കാലടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ കോട്ടക്ക ജോണിയുടെ ഓടിട്ട വീടാണ് ഇടിഞ്ഞുവീണത്. ജോണിയും ഭാര്യ ജോളിയും മകൾ ജോയ്‌സിയും രണ്ട് കൊച്ചുമക്കളുമാണ് ഇവിടെ താമസിക്കുന്നത്.

പകൽ സമയത്താണ് അപകടം ഉണ്ടായത്.അതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനകത്തുണ്ടായിരുന്ന ജോയ്‌സി ഓടി മാറുകയായിരുന്നു.വീടിന്റെ അടുക്കളയും ഒരു മുറിയും പൂർണ്ണമായും തകർന്നു.

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണിത്.ജോണിക്ക് ഒരു അപകടം പറ്റിയതിനെ തുടർന്ന് ജോലിക്കുപോകാൻ പറ്റാത്ത അവസ്ഥയാണ്.ഒരു വീടിനായി പലതവണ ഇവർ അധികൃതർക്ക് അപേക്ഷകൾ നൽകിയതാണ്.സുമനസുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.