കോടികൾ ചിലവഴിച്ച്‌ നിർമ്മിച്ച റോഡിൽ കുഴികൾക്ക് ശാപമോക്ഷമില്ല

 

കാലടി: ഒൻപത് കോടി രൂപ ചിലവിട്ട് ആധുനിക രൂപത്തിൽ നിർമ്മിച്ച കാലടി മലയാറ്റൂർ റോഡിൽ കുഴികൾക്ക് ശാപമോക്ഷമില്ല.കാലടി മുതൽ മലയാറ്റൂർ വരെ റോഡിൽ നിരവധി കുഴികളാണ്‌ രൂപപ്പെട്ടിരിക്കുന്നത്.കൂടാതെ കാലടി പോലീസ് സ്റ്റേഷനു മുൻപിലെ ജംഗ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി തകർന്ന നിലയിലും.മാസങ്ങൾക്ക് മുമ്പ് മലയാറ്റൂർ തീർത്ഥാടന സമയത്ത് 25 ലക്ഷം രൂപ ചിലവിൽ അറ്റകുറ്റ പണികൾ നടത്തിയ റോഡുകൂടിയാണിത്.

കാലടിയിൽ നിന്നും മഞ്ഞപ്ര മലയാറ്റൂർ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന ജംഗ്ഷനാണ് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ.മലയാറ്റൂർ അയ്യമ്പുഴ ഭാഗങ്ങളിലെ പാറമട, ക്രഷർ യൂണിറ്റുകളിലേക്ക് വലിയ ടോറസ് വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്. ഇതാണ് റോഡ് തകരാൻ കാരണം.ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതും പതിവാണ്.

തീർത്ഥാടന കേന്ദ്രമായ ആദിശങ്കര ജൻമഭൂമി ക്ഷേത്രത്തിലേക്ക് പോകുന്നതും ഈ കുഴികൾ കടന്നു വേണം. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി തീർത്ഥാടകരാണ് ദിവസേന ക്ഷേത്രത്തിൽ എത്തുന്നത്.ആധുനിക രൂപത്തിൽ ടാർ ചെയ്ത റോഡ് ഇത് മൂന്നാം തവണയാണ് തകരുന്നത്.

റോഡിന്റെ തകർച്ച വർദ്ധിക്കുമ്പോൾ അറ്റകുറ്റപണികൾക്കായി തുക അനുവദിക്കും.എന്നാൽ അനുവദിക്കുന്ന തുകയ്ക്കത്ര നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്.മലയാറ്റൂർ തീർത്ഥാടന സമയത്ത് അനുവദിച്ച 25 ലക്ഷം രൂപ എന്ത് ചെയ്തുവെന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്.

കാലടി ജംഗ്ഷനിൽ നിന്നും മലയാറ്റൂരിലേക്ക് കയറുന്നിടത്തും ഇതു തന്നെയാണ് അവസ്ഥ.വലിയ കുഴികളാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.പെട്ടെന്ന് ജംഗ്ഷൻ കടക്കാൻ ശ്രമിക്കുന്ന ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടുകയുമാണ്.

കാലടി മലയാറ്റൂർ റോഡിൽ ആധുനികരൂപത്തിൽ ടാറിങ്ങ് നടത്തിയതിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.വിജിലൻസ് അന്വേഷണം അവശ്യപ്പെടാനുളള ഒരുക്കത്തിലാണ് ഇവർ