ബാംബു കോർപ്പറേഷൻ: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് എം.എൽ.എ മാർ

 
കാലടി:ബാംബു കോർപ്പറേഷന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും, ഈറ്റ, പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്തുന്നതിനും, കുടിശ്ശികയും, ശമ്പളവും കൊടുത്തു തീർക്കുവാനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എം.എൽ.എ മാരായ അൻവർ സാദത്തും, റോജി എം. ജോണും ആവശ്യപ്പെട്ടു.

ഈറ്റ കിട്ടാത്തതു മൂലം നിരവധിയായ തൊഴിലാളികൾ പണിയില്ലാതെ കഷ്ടപ്പെടുകയാണ്. മാത്രവുമല്ല, കൂലി ഇനത്തിലും, ഡി.എ ഇനത്തിലും തൊഴിലാളികൾക്ക് വലിയ തുക കോർപ്പറേഷൻ നൽകേണ്ടതായിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ബാംബു കോർപ്പറേഷന് തികഞ്ഞ അനാസ്ഥയാണെന്ന് എം.എൽ.എ മാർ ആരോപിച്ചു.

അതുപോലെ, ബാംബു കോർപ്പറേഷന്റെ തന്നെ സമിപകാല ചരിത്രത്തിൽ ആദ്യമായി കോർപ്പറേഷൻ ജീവനക്കാരുടെയും, ഫാക്ടറി വർക്കേഴ്‌സിന്റെയും ശമ്പളം ഭാഗികമായി മാത്രമെ കൊടുത്തിട്ടുള്ളു. അതിനാൽ ജീവനക്കാർ വലിയ പ്രതിഷേധത്തിലാണ്. ബാംബു കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുവാൻ സർക്കാർ സഹായം ലഭ്യമാക്കുന്നതിനായി അൻവർ സാദത്ത് എം.എൽ.എയും, റോജി എം. ജോൺ എം.എൽ.എ യും നിയമസഭയിൽ ആവശ്യമുന്നയിച്ചിരുന്നു.

സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് വ്യവസായ മന്ത്രി ശ്രീ.എ.സി.മൊയ്തീൻ നിയമസഭയിൽ ഉറപ്പ് നൽകുകയും തുടർന്ന് അഞ്ച് കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ സർക്കാർ അനുവദിച്ച തുക പോലും സമയബന്ധിതമായി ലഭ്യമാക്കി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിൽ മാനേജ്‌മെന്റ് വീഴ്ച വരുത്തിയിരിക്കുകയാണെന്ന് എം.എൽ.എ മാർ ആരോപിച്ചു.

വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, പനമ്പ് നെയ്ത്ത് തൊഴിലാളികൾക്ക് ജോലി ഉറപ്പു വരുത്തുന്നതിനും, ക്യത്യമായി ശമ്പളം നൽകുന്നതിനും നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.എൽ.എ മാർ പറഞ്ഞു