ഹൃദയങ്ങൾ കൈകോർത്തു ഹൃദയത്തിനായ് : അങ്കമാലി എൽ എഫ് ആശുപത്രിയിൽ ഹിൽനയ്ക്ക് പുതുജീവൻ

 
അങ്കമാലി : കാരുണ്യത്തോടെ ഹൃദയങ്ങൾ കൈകോർത്തപ്പോൾ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ മരണം മുന്നിൽകണ്ട നിരാലംബയായ ഒരു കൊച്ചുമകൾക്ക് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടേയും കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ട്രസ്റ്റിന്റേയും കാരുണ്യത്താൽ പുനർജന്മം. കറുകുറ്റി തോട്ടകത്ത് താമസിക്കുന്ന യാക്കോബിന്റേയും വത്സമ്മയുടേയും രണ്ടാമത്തെ മകൾ ഹിൽന (12) ആണ് സുമനസ്സുകളുടെ സഹായത്താൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

അങ്കമാലി കറുകുറ്റി തോട്ടകം സ്വദേശിയായ യാക്കോബും ഭാര്യ വത്സമ്മയും ചോർന്നോലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്‌. രണ്ട് മക്കളിൽ ഇളയവളാണ് ഹിൽന. തിരുമുടിക്കുന്ന് പി. എച്ച്. എസ്. എസ്. 8-)0 ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്. ഹിൽനയ്ക്ക് ജന്മനാൽ ഹൃദയത്തിലേയ്ക്കുള്ള വാൽവിൽ ദ്വാരമുള്ളതായി കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കായി പല ആശുപത്രികളും കയറിയിറങ്ങി നടക്കുന്നതിനാൽ യാക്കോബിന് പലപ്പോഴും കൂലിപ്പണിക്ക് പോകാൻ സാധിക്കുകയില്ലായിരുന്നു.

മരുന്നിനും മറ്റു പണം തികയാത്തതിനാൽ ചികിത്സയിൽ തുടരാനായില്ല. യാക്കോബിന്റെ കുടുംബത്തെ സഹായിക്കുവാൻ നാട്ടുകാർ ഫണ്ട് കണ്ടെത്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ ”ഹൃദയത്തിനായ്”പദ്ധതിയെക്കുറിച്ച് അറിയുകയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയേക്കുറിച്ച് ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിനെ അറിയിക്കുകയും ചെയ്തു. അതിനെത്തുടർന്ന് ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ കിടങ്ങൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർദ്ദിനാൾ ജോസഫ് മാർ പാറേക്കാട്ടിൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാൻ ബെന്നി പാറേക്കാട്ടിലിന്റെ സഹായം തേടി.

രണ്ട് ലക്ഷം രൂപയോളം ചെലവുവരുന്ന ചികിത്സ ട്രസ്റ്റിന്റേ നേതൃത്വത്തിൽ സൗജന്യമായി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹിൽനയ്ക്ക് വേദന കലശലായപ്പോഴാണ് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജ്ജൻ ഡോ. എ. കെ. റഫീഖിനെ കാണുവാൻ തീരുമാനിച്ചത്. പരിശോധനയിൽ ഹൃദയ വാൽവിന്റെ ദ്വാരം ഉടൻതന്നെ അടച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയിലായിരുന്നെന്ന് കാർഡിയോ തൊറാസിക് സർജ്ജൻ ഡോ. എ. കെ. റഫീഖും കാർഡിയോളജി മേധാവിഡോ. സ്റ്റിജി ജോസഫും പറഞ്ഞു.

ഹിൽനയുടെ ശസ്ത്രക്രിയ എൽ. എഫ്. ആശുപത്രിയിൽ നടക്കുമ്പോൾ കറുകുറ്റി തോട്ടകം ഗ്രാമം മുഴുവനും തിരുമുടിക്കുന്ന് സ്‌കൂളും പ്രാർത്ഥനയിലും ആകാംഷയിലുമായിരുന്നു. ഡോ. എ. കെ. റഫീഖ്, ഡോ. സ്റ്റിജി ജോസഫ്, ഡോ. പ്രസാദ് കുട്ടപ്പൻ എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഒമ്പതാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന ലിറ്റിൽ ഫ്‌ളവർ ഹാർട്ട്‌കെയർ സെന്റർ ഇതുവരെ പതിമുവായിരത്തിൽപരം ആൻജിയോഗ്രാമുകളും ആയിരത്തി ഇരുനൂറോളം ഓപ്പൺ ഹൃദയശസ്ത്രക്രിയകളും നടത്തിയിട്ടുണ്ടെന്ന് ഡയറക്ടർ അറിയിച്ചു.

ശസ്ത്രക്രിയയ്ക്കുശേഷം കൊച്ചുമിടുക്കി ഹിൽനയും കുടുംബവും ആശുപത്രി അധികൃതർക്കും നഴ്‌സുമാർക്കും കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ട്രസ്റ്റിന്റെ ഭാരവാഹികൾക്കും മധുരം നൽകിയാണ് ആശുപത്രി വിട്ടത്.കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവിന്റെ സ്മരണാർത്ഥം കിടങ്ങൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെമ്മോറിയൽ ട്രസ്റ്റ് 2017 മാർച്ച് ഒന്നിനാണ് സ്ഥാപിതമായത്. ഇതുവരെ പതിനഞ്ച് ലക്ഷത്തോളം രൂപ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ടെന്ന് ബെന്നി പാറേക്കാട്ടിൽ അറിയിച്ചു.