ഭക്തിസാന്ദ്രമായി ഗുർമത് സംഗീതം

 
കാലടി:അദ്വൈഭൂമിയെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് സിക്ക് മത സഥാപകൻ ഗുരുനാനാക്ക് ആവിഷ്‌ക്കരിച്ച ഗുർമത് സംഗീതം ശ്രീശങ്കര നാട്യമണ്ഡപത്തിൽ പെയ്തിറങ്ങി. പ്രശസ്ത സംഗീതജ്ഞനും ഗുർമത് സംഗീതത്തിൽ കേന്ദ്ര സംഗീത നാടക അക്കാഡമി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാര ജേതാവും പഞ്ചാബി സർവ്വകലാശാല മ്യൂസിക് വിഭാഗം പ്രൊഫസറുമായ ഡോ. അലങ്കാർ സിംങ്ങാണ് ഗുരുബാണി ഗുർമത് അവതരിപ്പിച്ചത്.

500 വർഷം പഴക്കമുളള ഈ സംഗീതം ഗുരുദ്വാരകകളിൽ നിന്ന് വേദികളിൽ അവതരിപ്പിക്കുവാൻ തുടങ്ങിയത് സിക്ക് മത ഗുരുക്കന്മാരുടെ ശ്രമഫലമാണ്. എങ്കിലും ഭക്തിസാന്ദ്രമായ ഈ സംഗീതം, ശ്രീശങ്കര നാട്യമണ്ഡപത്തിൽ എത്തിച്ചേർന്ന ആസ്വാദകർ ടവൽ തലയിൽ ചുറ്റിക്കൊണ്ടാണ് ആസ്വദിച്ചത്. സംഗീതത്തിന്റെ തനിമ ചോരാതെയാണ് ഇപ്പോഴും അവതരണങ്ങൾ നടക്കുന്നത്. രവീന്ദർ സിംങ്ങ് റബാബും ജഗ്‌മോഹൻ സിംങ്ങ് തബലയും വായിച്ചു.

gurmeth-2ഡോ. അലങ്കാർ സിംങ്ങ് ‘ പട്ത്താൽ ‘ എന്ന പ്രത്യേക ശബദ് അവതരണത്തോടെ സംഗീത പരിപാടി ആരംഭിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിലെ കാനഡ രാഗത്തിലുളള ഈ ശബദ് ഏകതാളം ഉൾപ്പെടെ നിരവധി താളങ്ങളിൽ അവതരിപ്പിച്ചു. ആസ രാഗത്തിൽ ‘ ഒഹാ പ്രേം പിരി ‘ എന്ന ശബദിൽ ഈശ്വരൻ വിവിധ നാമങ്ങളിൽ ആണെങ്കിലും ഏകമാണ് എന്ന സന്ദേശം നല്കി.

റാം, ഗോപാൽ എന്നീ ദൈവ നാമങ്ങൾ ആലപിച്ചുകൊണ്ടാണ് ഈ സന്ദേശം നല്കിയത്. ‘ സാഹിബ് മേരാ മിഹിർവാൻ ‘ എന്ന ശബദിൽ തനിക്ക് ഭഗവാന്റെ അനുഗ്രഹം മാത്രം മതി, സ്വർണ്ണമോ ധനമോ ആവശ്യമില്ല. ഭഗവാന്റെ പ്രേമത്തിനായി ഞാനെല്ലാം അവിടേക്ക് സമർപ്പിക്കുന്നു. സിക്ക് മതത്തിലെ ഏറ്റവും ശ്രദ്ധേയാമായ എക ദൈവമെന്ന സന്ദേശമാണ് സംഗീത പരിപാടിയിൽ ഉടനീളം ഡോ. അലങ്കാർ സിംങ്ങ് ഉയർത്തി കാട്ടിയത്.

ശ്രീശങ്കര നാട്യമണ്ഡപത്തിൽ എത്തിയ കലാകാരന്മാരെ വിദ്യാർത്ഥിനികൾ കേരളീയ ശൈലിയിൽ പൂത്താലമേന്തി സ്വീകരിച്ചു.  റോജി എം.ജോൺ എം.എൽ.എ സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.സലിം അദ്ധ്യക്ഷത വഹിച്ചു. ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്റെ ബ്രോഷർ പ്രകാശനം ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രീസ് മുൻ അദ്ധ്യക്ഷൻ ജസ്ബീർ സിംങ്ങ് ചൗള നടത്തി. ഇ.എൻ.വിശ്വനാഥൻ ആദ്യപ്രതി സ്വീകരിച്ചു.

പ്രൊഫ. പി.വി.പീതാംബരൻ, സുധാ പീതാംബരൻ, എൻ.ഗംഗകുമാർ, കെ.കെ.കുഞ്ഞപ്പൻ, എ.ആർ.അനിൽകുമാർ, ടി.ജി.ഹരിദാസ്, ജാൻസി വർഗ്ഗീസ്, ഇ.എൻ.വിശ്വനാഥൻ എന്നിവർ കലാകാരന്മാർക്ക് പൊന്നാടയും സ്മരണികയും സമർപ്പിച്ചു.