പാറപ്പുറത്തെ ബാംബു കോർപ്പറേഷൻ ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ

 

കാഞ്ഞൂർ : പാറപ്പുറത്തു പ്രവർത്തിക്കുന്ന ബാംബു കോർപ്പറേഷന്റെ കീഴിലുള്ള ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ.തൊഴിലാളികൾക്ക് ജോലിയില്ലാതായിട്ട് ഒരു മാസത്തോളമായി.

മുൻകാലങ്ങളിൽ ഡിപ്പോകളിൽ നിന്നും ഈറ്റ വാങ്ങി തൊഴിലാളികൾ വീടുകളിലിരുന്ന് പനമ്പു നെയ്ത് ഡിപ്പോയിൽ എത്തിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി ഈ സംവിധാനത്തിനുമാറ്റം വരുത്തി. ഡിപ്പോകളുടെ അടുത്ത് വലിയ ഷെഡുകൾ നിർമ്മിച്ച് യന്ത്രസഹായത്താൽ ഈറ്റ നുറുക്കി കീറി അളിയാക്കി തൊഴിലാളികൾക്ക് കൊടുത്ത് ഇവിടെത്തന്നെ ഇരുന്നാണ് പനമ്പുനെയ്യുന്നത്.

പാറപ്പുറം ഡിപ്പോയിൽ 100 തൊഴിലാളികൾ പനമ്പു നെയ്യുന്നുണ്ടായിരുന്നു. ഒരു തൊഴിലാളിക്ക് ഒരു ദിവസം രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ പനമ്പുനെയ്ത്താൽ ഇരുനൂറു രൂപയോളം ലഭിക്കും. ഈറ്റ കീറിമുറിക്കുന്ന തൊഴിലാളികൾക്ക് 300 രുപയോളം ലഭിക്കും. കൂടാതെ ബസ് ചാർജ്ജ്, ചായ എന്നിവയ്ക്കായി 40 രൂപയും 22 ഹാജർ ഉള്ള തൊഴിലാളികൾക്ക് 10 രൂപ അലവൻസായി കൂടുതലും ലഭിക്കും.

നെയ്ത്തുകൂലി പല തൊഴിലാളികൾക്കും ഇനിയും ലഭിച്ചിട്ടില്ല. 30 മാസത്തെ ഡി.എ. തൊഴിലാളി കൾക്ക് ലഭിക്കാനുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. യന്ത്രങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പത്ത് തൊഴിലാളികളിൽ കൂടുതൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഇഎസ്‌ഐ യുടെ പരിധിയിൽ കൊണ്ടുവരണം. എന്നാൽ ഇവിടെ തൊഴിലാളികൾക്ക് ഇഎസ്‌ഐ ചികിത്സസംവിധാനം നാളിതുവരെ ഏർപ്പെടുത്തിയിട്ടില്ല.

ഒരു തൊഴിലാളികൾക്ക് ജോലി സമയത്ത് അപകടം സംഭവിച്ചാൽ ഇപ്പോ യാതൊരു ആനുകൂല്യങ്ങളും കിട്ടുന്നില്ല. പല തൊഴിലാളി കൾക്കും കൈക്ക് പരിക്കുപറ്റി ആഴ്ചകളോളം വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഈറ്റ കിട്ടാൻ കാലത്താമസം നേരിട്ടപ്പോൾ ചില തൊഴിലാളികൾ അധികാരികളെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരിച്ചിരുന്ന കാലത്തെ 16 മാസത്തെ കുടിശിഖയിൽ 14 മാസത്തെ കുടിശിഖ കിട്ടുകയും 2 മാസത്തെ കുടിശിഖ ലഭിക്കാതെ വന്നപ്പോൾ സമരങ്ങൾ നടത്തിയവരാണ് ഇപ്പോൾ ഒരു മാസം പിന്നിട്ടിട്ടും തൊഴിലാളികൾക്കുവേണ്ടി ഒന്നും മിണ്ടുന്നില്ലെന്ന ആക്ഷേപവും തൊഴിലാളികൾക്കിടയിൽ ഉണ്ട്. കഴിഞ്ഞ സംസ്ഥാനബഡ്ജറ്റിൽ 2 കോടി രൂപ ബാംബു കോർപ്പറേഷനുവേണ്ടി വക കൊള്ളിച്ചിരുന്നത്‌.

തിരുവനന്തപുരം ഭാഗത്തുനിന്നാണ് ബാംബു കോർപ്പറേഷനിലേക്ക് പ്ലവുഡ് നിർമ്മാണത്തിനാവശ്യമായ നിലവാരമുള്ള മിനുസ പനമ്പ് എത്തിയിരുന്നത്. ഇപ്പോൾ അവിടെനിന്നുള്ള പനമ്പിന്റെ വരവും നിലച്ചു. ഈറ്റ ലഭിക്കാൻ ഇനിയും കാലതാമസം നേരിട്ടേണ്ടിവരുമോയെന്ന് തൊഴിലാളികൾ ആശങ്കപ്പെടുന്നു. ഓണക്കാലം അടുത്ത വരുന്നതിനാൽ ഇത് ബോണസിനെവരെ ബാധിക്കുമെന്ന് തൊഴിലാളികൾ ആശങ്കപ്പെടുന്നു.

അടിയന്തിരമായി ഈറ്റ പനമ്പുനെയ്ത്തു തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും, എത്രയും വേഗം ഈറ്റ ലഭിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസും ജനറൽ സെക്രട്ടറി ടി.എൻ. അശോകനും ആവശ്യപ്പെട്ടു