നൂറുകഥകൾ നൂറുപേർ ;പന്ത്രണ്ടുമണിക്കൂർ വായിച്ച കഥാവായന ശ്രദ്ധേയമായി

 
കാലടി : കാലടി എസ്എൻഡിപി ലൈബ്രറിയുടെ നേതൃത്വത്തിൽ നുറൂകഥകൾ നൂറുപേർ തുടർച്ചയായി പന്ത്രണ്ടുമണിക്കൂർ വായിച്ച കഥാവായന ശ്രദ്ധേയമായി. രാവിലെ 8 മണിക്ക് ആരംഭിച്ച കഥാവായന രാത്രി 8 മണിക്കാണ് അവസാനിച്ചത്.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല റഫറൻസ് വിഭാഗം ലൈബ്രേറിയൻ ഡോ. സ്വീറ്റി ഐസക് മലയാളത്തിലെ ആദ്യചെറുകഥയായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി വായിച്ചതോടെ കഥാ വായനയ്ക്ക് തുടക്കമായി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറീയൻ നൂതൻ സാബു ബെന്യാമിന്റെ ഏറ്റവും പുതിയ കഥയായ പോസ്റ്റുമാൻ വായിച്ചതോടെ രാത്രി 8 മണിയ്ക്ക് കഥാവായന സമാപിച്ചു.

ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല മലയാളവിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഈ വേറിട്ട പരിപാടി നടന്നത്.സംസ്‌കൃതസർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് എം.കെ. വസന്തന്റെ ശങ്കരദർശനം എന്ന കഥവായിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി.സാബു അധ്യക്ഷതവഹിച്ചു.ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി, ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ്, രാധാമുരളീധരൻ എന്നിവർ പ്രസംഗിച്ചു.

മലയാളത്തിലെ പ്രശസ്ത കഥാകാരൻമാരുടെ കഥകളോടൊപ്പം കഥയുടെ വ്യത്യസ്തമായ രചനാരീതികളെ പരിചയപ്പെടുത്തുന്ന കഥകളും ഇരുപത് കഥാകൃത്തുക്കൾ അവരുടെ സ്വന്തം രചനകളും വായിച്ചു. പ്രശസ്ത കഥാകൃത്ത് പി. കേശവദേവിന്റെ 35-ാം ചരമവാർഷീക ദിനത്തിത്തോടനുബന്ധിച്ചാണ് കഥാവായന സംഘടിപ്പിച്ചത്.മൂന്നാം ക്ലാസ് വിദ്യാർത്ഥി ഗഗൻ റോയ് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ കഥാവായനയിൽ പങ്കുചേർന്നു.