ഫ്ളാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം

 

നെടുമ്പാശേരി :ആലുവ അങ്കമാലി ദേശീയപാതയിൽ ദേശം മംഗലപ്പുഴ സെമിനാരിയ്ക്ക് സമീപം സ്വർഗം റോഡിൽ പ്രൈം റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം. ഒൻപതാം നിലയിലെ ഫ്ളാറ്റിലെ അടുക്കളയിൽ ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ച് ഉണ്ടായ തീപിടുത്തിൽ ഈ ഫ്ളാറ്റിൽ താമസിച്ചിരുന്ന അമ്മയെയും മകളെയും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഫ്ളാറ്റിൽ താമസിച്ചിരുന്ന ജെറ്റ് എയർവേയ്സ് ജീവനക്കാരി ജാക്ക്വലിൻ മേരി കുര്യൻ (28), മകൾ കാതറിൻ (3) എന്നിവർക്കാണ് ഗ്യാസ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടുത്തതിൽ പരിക്കേറ്റത്.സംഭവം നടന്നയുടൻ അയൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവർ ഇവരെ ഉടൻ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം വിവരം അറിഞ്ഞ്. ആലുവയിൽ നിന്നും രണ്ടും അങ്കമാലി, ഏലൂർ എന്നിവിടങ്ങളിൽ നിന്നും ഒന്നും അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്.

കട്ടില, ജനൽ, വാതിൽ, സോഫ് സെറ്റ്, ഡൈനിംഗ് ടേബിൾ, കസേരകൾ, ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടർ, വാഷിംഗ് മെഷ്യൻ, ഫാനുകൾ തുടങ്ങി വീട്ടിലെ സ്റ്റീൽ പാത്രങ്ങൾ വരെ കത്തി നശിച്ചു. ഫ്ളാറ്റിന്റെ ഭിത്തികൾക്കും പൊട്ടൽ വീണു. ഫ്ളാറ്റിൽ നിന്നും ശക്തമായ പുകയും തീയും ഉയർന്നതോടെ അയൽഫ്ളാറ്റുകാരെല്ലാം വിലപിടിപ്പുള്ള സാധനങ്ങളുമായി താഴേക്ക് ഓടിയിറങ്ങുകയായിരുന്നു. മുകളിലെ നിലകളിലെല്ലാം ശക്തമായ പുകയായതിനാൽ അഗ്നിശമനസേനയുടെ പ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. ഒന്നര മണിക്കൂറോളം നാല് യൂണിറ്റുകൾ ചേർന്ന് പ്രവർത്തിച്ചതിനു ശേഷമാണ് തീയണിക്കുവാൻ കഴിഞ്ഞത്.

ആലുവ അഗ്നിശമന സേന വിഭാഗം സ്റ്റേഷൻ ഓഫീസർ അശോകൻ, ഫയർമാന്മാരായ സന്തോഷ്, സന്തോഷ് കുമാർ, രതീഷ്, അനന്തകൃഷ്ണൻ, നിസാം, പി.ആർ. സനോജ്, പി.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

ഗ്യാസ് സിലണ്ടർ പൊട്ടിതെറിച്ച് ഉണ്ടായ തീപിടുത്തിൽ ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നെടുമ്പാശ്ശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് അന്വോഷണം ആരംഭിച്ചു