കളഞ്ഞു കിട്ടിയ  പണമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി നൽകി

 
നെടുമ്പാശേരി: കളഞ്ഞ് കിട്ടിയ കാല്‍ ലക്ഷത്തോളം രൂപയും, വിലപ്പെട്ട രേഖയുമടങ്ങിയ പെഴ്സ് ഉടമയെ കണ്ടത്തെി നല്‍കിയ പെട്ടി ഓട്ടൊറിക്ഷ ഡ്രൈവര്‍ മാതൃകയായി. ഗള്‍ഫില്‍ നിന്ന് നാട്ടിലത്തെിയ യുവാവിന്‍റെ രൂപയും പഴ്സുമാണ് തിരിച്ചു നൽകിയത്. കരുമാല്ലൂര്‍ മനക്കപ്പടി ചെരുപറമ്പില്‍ സന്തോഷിനാണ് കുന്നുകരയില്‍ ഇഷ്ടിക ഇറക്കി ശ്രീമൂലനഗരത്തേക്ക് പോകുമ്പോള്‍ എയര്‍പോര്‍ട്ട് പാലത്തിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് പഴ്സ് കിട്ടിയത്.

ഒരു മാസം മുമ്പ് ദുബായിയില്‍ നിന്ന് നാട്ടിലത്തെിയ ശ്രീമൂലനഗരം പടിക്കപ്പറമ്പില്‍ വീട്ടില്‍ റസാക്കിന്‍റേതായിരുന്നു പഴ്സ്. എയര്‍പോര്‍ട്ട് ജംക്ഷനിലെ സുഹൃത്തിന്‍റെ കടയില്‍ ബൈക്കില്‍ എത്തിയശേഷം മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പഴ്സ് കാണാതായത്. അതോടെ വന്ന വഴികളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും പഴ്സ് കിട്ടിയില്ല. അതോടെ റസാക്ക് കാലടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അതിനിടെ പഴ്സ് കിട്ടിയപ്പോള്‍ വാഹനത്തില്‍ സൂക്ഷിച്ചെങ്കിലും തുറന്ന് നോക്കിയില്ല. വൈകുന്നേരം ഓട്ടം കഴിഞ്ഞ് വീട്ടിലെത്തി പഴ്സ് തുറന്നപ്പോഴാണ് കാല്‍ ലക്ഷത്തോളം രൂപയും, എടിഎം കാര്‍ഡും, ലൈസന്‍സുമുള്ളതായി കണ്ടെത്തിയത്. അതോടെ മനക്കപ്പടിയിലുള്ള ചെങ്ങമനാട് പ്രിന്‍സിപ്പല്‍ എസ്ഐ എ.കെ.സുധീറിന്‍റെ സമീപവാസികുടിയായ സന്തോഷ് ഭാര്യയോടൊപ്പം ചെങ്ങമനാട് സ്റ്റേഷനിലെത്തി പഴ്സ് ഏല്‍പ്പിക്കുകയായിരുന്നു.

പൊലീസ് പഴ്സിന്‍റെ ഉടമയെ അന്വേഷിച്ചപ്പോഴാണ് കാലടി സ്റ്റേഷനിലെ റസാക്കിന്‍റെ പരാതി അറിഞ്ഞത്. തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് റസാക്കിനെ വിളിച്ച് വരുത്തി എഎസ്ഐ വി.കെ. പ്രദീപ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.കെ. മനോജ് എന്നിവരുടെ സാന്നിധ്യത്തില്‍ പഴ്സ് റസാക്കിന് കൈമാറുകയായിരുന്നു.