അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ അഴിച്ചുപണി

.

അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ വൈസ് പ്രസിഡന്റ് , വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനത്തേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധാരണാപ്രകാരം വൈസ് പ്രസിഡന്റ് , വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പാറപ്പുറം ഡിവിഷന്‍ മെമ്പറായ വല്‍സ സേവ്യര്‍ ആണ്  വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആലുവ അങ്കമാലി ബ്ലോക്ക് മഹീള കോണ്‍ഗ്രസ്സ് പ്രസിഡന്റായും, കാഞ്ഞൂര്‍ പഞ്ചായത്ത് മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ നിലവില്‍ മഹിള കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയാണ്. നടുവട്ടം ഡിവിഷന്‍ മെമ്പറായിരുന്ന ഷേര്‍ളി ജോസ് രാജി വെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബ്ലോക്ക് പഞ്ചായത്തിലെ കാലടി ഡിവിഷന്‍ മെമ്പറായ ടി.പി.ജോര്‍ജ്ജ് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കാലടി പഞ്ചായത്ത് പ്രസിഡന്റായും ഐ.എന്‍.ടി.യു.സി. വിവിധ തൊഴിലാളി യൂണിയന്‍ നേതാവും കാലടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ്. താബോര്‍ ഡിവിഷന്‍ മെമ്പര്‍ ടി.എം.വര്‍ഗ്ഗീസ് രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പാലിശ്ശേരി ഡിവിഷന്‍ മെമ്പറായ കെ.പി.അയ്യപ്പന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. കറുകുറ്റി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായും, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറിയായും, ഇപ്പോള്‍ അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിന്‍സി സേവ്യര്‍ ആയിരുന്നു വരണാധികാരി.