സ്ത്രീ സുരക്ഷ ഉപകരണങ്ങളുമായി വിദ്യാർത്ഥികൾ (VIDEO)

 

കാലടി: സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുളള ഉപകരണവുമായി കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ. വളയിലും വാച്ചിലും ഉപയോഗിക്കാവുന്ന ജിപിഎസ് പ്രോഗ്രാം ചെയ്തിരിക്കുന്ന ചിപ്പും, ഇലക്ട്രിക് ഷൂസുമാണ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.അവസാന വർഷ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ വിദ്യാർത്ഥികളായ ആര്യ പ്രകാശ്, ബെൻസൻ ജോസ്, വി അർജുൻ, എം അക്ഷയ് എന്നിവരാണ് ഇതിനു പിന്നിൽ.

adi-2സ്ത്രീകൾക്ക് അനായാസേന ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇവ രണ്ടും. എന്തെങ്കിലും അത്യാപത്ത് വന്നാൽ ജി പി എസ് പ്രോഗ്രാം ചെയ്ത വളയിലെ ബട്ടണിൽ അമർത്തിയാൽ വേണ്ടപ്പെട്ട മൂന്ന് മൊബൈൽ നമ്പറുകളിലേക്ക് സന്ദേശം എത്തും. കൂടാതെ തൊട്ടടുത്ത പോലീസ് കൺട്രോൾ റൂമിലേക്കും സന്ദേശം എത്തും.അപകടത്തിലായ വ്യക്തി നിൽക്കുന്ന സ്ഥലത്തിന്റെ വിവരം ഉൾപ്പെടെയാണ് സന്ദേശം എത്തുന്നത്. ഓരോ രണ്ട് മിനിറ്റുകൂടുമ്പോൾ പോലീസ് കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തുന്ന വിധമാണ് ചിപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

അക്രമികൾക്ക് ഷോക്ക് ഏൽക്കുന്ന വിധമുളളതാണ് ഷൂസ്. ഷൂ ധരിച്ചിരിക്കുന്ന വ്യക്തി ഷൂസിലെ ബട്ടണിൽ അമർത്തിയതിനു ശേഷം അക്രമിയെ ചവിട്ടിയാൽ ഷൂസിൽ നിന്ന് വൈദ്യുതി പ്രവഹിക്കുകയും അക്രമിക്ക് ബോധക്ഷയം വരെ ഉണ്ടാകുകയും ചെയുന്നു. ഈ രണ്ട് ഉപകരണങ്ങളും ഒരു തവണ ചാർജു ചെയ്താൽ ദിവസങ്ങളോളം ഉപയോഗിക്കാനാകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. സ്ത്രീകൾക്ക് വളരെ പെട്ടന്ന് ഇവ ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

കോളേജിലെ ഫാബ് ലാബിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ശേഷമാണ് ഉപകരണങ്ങൾ പൂർണരൂപത്തിലായത്. 6 മാസത്തോളമെടുത്തു ഇത് പൂർത്തിയാക്കുവാൻ. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ:പി എസ് ആര്യ ദേവി, അദ്ധ്യാപിക ടി എൻ ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് ഇവ വികസിപ്പിച്ചെടുത്തത്. സമൂഹത്തിന് ഗുണകരമാകുന്ന ഉപകരണങ്ങൾ വികസിപ്പിച്ചെടുത്ത കുട്ടികളെ ആദിശങ്കര എൻജിനീയറിങ്ങ് കോളേജിലെ പ്രിൻസിപ്പാൾ ഡോ: ദ്വരൈ രംഗസ്വാമി അനുമോദിച്ചു.