അങ്കമാലിയിൽ ബ്രൗൺ ഷുഗർ:ഒരാൾ പിടിയിൽ

 
അങ്കമാലി:അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശിയെ അങ്കമാലി എക്സൈസ് പിടികൂടി.പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിൽ ഭോലാനാഥ് മജുംദർ മകൻ നിഖിൽ മജുംദർ (48) ആണ്‌ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എക്സൈസ് ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. 6 ഗ്രാം ബ്രൗൺ ഷുഗറാണ് നിഖിൽ മജുംദറിന്റെ കൈവശത്തു നിന്നും കണ്ടെത്തിയത്.

ബ്രൗൺ ഷുഗർ 238 ചെറിയ കടലാസ് പൊതികളിലാക്കി അത് ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ രീതിയിലാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.എക്സൈസ് അങ്കമാലി ഭാഗത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇടക്കിടക്ക് നടത്തിവരുന്ന ബായ് റൈഡിൽ നിന്നുമാണ് നിഖിൽ മജുംദാറിനെ കുറിച്ച് വിവരം ലഭിക്കുന്നത്. നിഖിൽ മജുംദർ അങ്കമാലി റെയിൽവേ സ്റ്റേഷനിലാണ് വന്നിറങ്ങുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസമായി അങ്കമാലി റെയിൽ വേസ്റ്റേഷൻ പരിസരവും പ്രൈവറ്റ് സ്റ്റാന്റ് പരിസരവും അങ്കമലി എക്സൈസ് ഷാഡോ ടീമിന്റെ നിരീഷണത്തിലായിരുന്നു.

പ്രതി ട്രെയിൻ ഇറങ്ങി റെയിൽവേ സ്റ്റേഷൻ റോഡിൽ കൂടി നടന്ന് വന്നപ്പോൾ അങ്കമലി എക്സൈസ് ഷാഡോ ടീം അംഗമായ പ്രിവന്റീവ് ഓഫിസർ പി.കെ ബിജുവിന് സംശയം തോന്നി പേര് വിളിച്ചപ്പോൾ നിഖിൽ മജുംദർ തിരിഞ്ഞ് നോക്കുകയും സംശയം തോന്നിയതിനാൽ പ്രതി ഓടി രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു.ഇൻസ്പെക്ടർ ആർ. പ്രശാന്തും സംഘവും പ്രതിയുടെ പിന്നാലെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

കേരളത്തിൽ വരുന്നതിനുമുമ്പ് നിഖിൽ ബംഗാളിൽ കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നു. പിന്നീട് കൂടുതൽ ലാഭത്തിന് വേണ്ടിയാണ് ബംഗാളിലെ മയക്കുമരുന്ന് മാഫിയകളുമായി ചേർന്ന് ബ്രൗൺ ഷുഗർ കച്ചവടം തുടങ്ങിയത്. നാല് വർഷമായി ഇയാൾ കേരളത്തിൽ വന്നിട്ട്.ഇവിടെ കെട്ടിടം പണിക്ക് ഹെൽപ്പറായിട്ടാണ് ജോലി നോക്കുന്നത്. ഒരു വർഷത്തോളമായി ഇയാൾ കേരളത്തിലേക്ക് ബ്രൗൺ ഷുഗർ കടത്താൻ തുടങ്ങിയിട്ട്.ബ്രൗൺ ഷുഗർ ഇടക്കിടക്ക് ഉപയോഗിക്കുന്ന ആളുമാണ്.

ബംഗാളിൽ മയക്കുമരുന്ന് സംബന്ധമായ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിൽ വച്ച് ആദ്യമായിട്ടാണ് പിടിക്കപെടുന്നത്. ആലുവയിലാണ് ഇയാൾ താമസിക്കുന്നത്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം പോലിസ്, ആർ.പി.എഫ്, എക്സൈസ് എന്നിവരുടെ നിരന്തരമായ പരിശോധനയും, ആലുയിൽ ഇതരസംസ്ഥാനക്കാർ മയക്കുമരുന്ന് കേസുകളിൽ കൂടുതലും പിടിക്കപെടുന്നതു കൊണ്ടും അങ്കമാലി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് മാർഗ്ഗം ആലുവയിലേക്ക് പോകുകയാണ് പതിവ്.

മൂർഷിദാബാദിൽ നിന്നുമാണ് ഇയാൾ ബ്രൗൺ ഷുഗർ കൊണ്ടുവരുന്നത്.ഇവിടെ ഒരു പൊതിക്ക് 250 രൂപക്കാണ് ഇയാൾ ബ്രൗൺ ഷുഗർ വിൽക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് ഇയാൾ കൂടുതലായും വിൽപ്പന നടത്തുന്നത്. പിടിക്കപെടുമെന്ന് പേടിച്ച് മലയാളികൾക്ക് വിൽപ്പന നടത്താറില്ല. ബ്രൗൺ ഷുഗറിന് ‘ചീനി’ എന്നാണ് രഹസ്യകോഡ് നൽകിയിരിക്കുന്നത്. ചീനി എന്നാൽ പഞ്ചസാര എന്നാണ് അർത്ഥം.

മൊബൈൽ ഫോൺ മുഖേന ഇടപാടുകാരുമായി കച്ചവടം ഉറപ്പിച്ച് ഇയാൾ പറയുന്ന സ്ഥലത്തുവച്ച് ബ്രൗൺ ഷുഗർ കൈമാറുകയാണ് നിഖിൽ ചെയ്യാറുള്ളത്. നിഖിൽ മജുംദറിനെ അങ്കമാലി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസറായ പികെ. ബിജു, സി.എൻ.രാജേഷ്, സിവിൽ എക്സൈസ് ഓഫിർമാരായ കെ.എസ് പ്രശാന്ത്,വി.ബി.രാജേഷ്, പി.എൻ.അജി, എക്സൈസ് ഡ്രൈവർ ബെന്നി പീറ്റർ എന്നിവർ പങ്കെടുത്തു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 9400069572, 0484 2458484 എന്നി നമ്പറുകളിൽ അറിയിക്കേണ്ടതാണെന്ന് എക്സൈസ് ഇൻസ്പെക്ടർ ആർ. പ്രശാന്ത് അറിയിച്ചു.