ബാഗിൽ അഞ്ച് വെടിയുണ്ടകൾ:നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

 

നെടുമ്പാശേരി: ബാഗിൽ അഞ്ച് വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കൻ മലയാളി പ്രൊഫസർ സി.ഐ.എസ്.എഫിന്റെ പിടിയിലായി. കൊല്ലം പുനലൂർ സ്വദേശി തോമസ് ബിജു (52)വാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ പരിശോധനക്കിടെ പിടിയിലായത്.

ഞായറാഴ്ച്ച രാത്രി 11 മണിയോടെ കൊച്ചിയിൽ നിന്നും സിംഗപ്പൂർ വഴി അമേരിക്കയിലേക്കുള്ള സിംഗപ്പൂർ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനാണ് തോമസ് ബിജു നെടുമ്പാശേരിയിലെത്തിയത്. ലഗേജ് പരിശോധനയിലാണ് കുടുങ്ങിയത്. ഇതേതുടർന്ന് ഇദ്ദേഹത്തിന്റെ യാത്രയും മുടങ്ങി.

ഏറെ കാലമായി അമേരിക്കയിലെ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറാണ്. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകുകയായിരുന്നു. പക്ഷികളെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന ഉണ്ടകളാണ് കണ്ടെത്തിയത്. പുനലൂരിലെ പഴയ വീട് പൊളിച്ചപ്പോൾ ബാഗിൽ ഉപേക്ഷിച്ചിരുന്ന ഉണ്ടകളാണെന്നും അറിയാതെയാണ് യാത്രബാഗിൽ പെട്ടെതെന്നുമാണ് തോമസിന്റെ വിശദീകരണം. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.