ദുരിത കയത്തിൽ അമ്മയും മകനും

 
.

കാഞ്ഞൂർ:കോരി ചൊരിയുന്ന മഴയത്ത് ഒറ്റമുറി വീട്ടിൽ മേൽക്കൂര ഷീറ്റുവലിച്ചു കെട്ടി കഴിയുകയാണ് കാഞ്ഞൂർ പാറപ്പുറത്ത് ഒരു അമ്മയും മകനും.പാറപ്പുറം തിരുനാരായണപുരം ഹരിജൻ കോളനിയിൽ കരുവേലിപാടം വീട്ടിൽ ഓമനയും മകൻ ഭദ്രപ്രസാദിനുമാണ് ഈ ദുരവസ്ഥ.3 സെന്റ് സ്ഥലമാണ് ഇവർക്കുളളത്.

മഴ പെയ്താൽ ഷീറ്റുകൾക്കിടയിലൂടെ വെളളം മുറിയിലേക്കാണ് വീഴുന്നത്.അതുകൊണ്ട് പല രാത്രികളിലും അമ്മയ്ക്കും മകനും ഒന്ന് ഉറങ്ങാൻ പോലും കഴിയാറില്ല.മാനത്ത് മഴക്കാറുവീഴുമ്പോൾ ഓമന മകനെ സമീപത്തെ ബന്ധു വീടുകളിലാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

2011 ൽ ഭർത്താവ് രഘുവിനെ കാണാതാകുന്നതോടെയാണ് ഇവരുടെ ജീവതം ദുരിതത്തിലായത്.ഇടുക്കി കല്ലാർ കുട്ടിയിലാണ് രഘുവിന്റെ വീട്.അവിടേക്ക് പോകുന്നെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.എന്നാൽ വീട്ടിൽ ചെന്നിട്ടില്ല.സുഹൃത്തുക്കളോടും അന്വേഷിച്ചു.അവർക്കും രഘുവിനെക്കുറിച്ച് യാതൊരു വിവരവുമില്ല.പോലീസിൽ പരാതി നൽകി.എന്നാൽ അന്വേഷിക്കാമെന്നു പറഞ്ഞതല്ലാതെ പിന്നീട് യാതൊരു അന്വേഷണവുമുണ്ടായില്ല.1996 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

ഓമന ആലുവയിലെ ഒരു വീട്ടിൽ ജോലി ചെയ്താണ് മകനെ പഠിപ്പിക്കുന്നതും,വീട്ടുകാര്യങ്ങൾ നോക്കുന്നതും.വീട് ചോർന്നൊലിക്കുന്നതിനാൽ പ്ലെസ് വണിനു ചേർന്നിരിക്കുന്ന മകന് ലഭിച്ച ലാപ്‌ടോപ്പ് വീട്ടിൽ കൊണ്ടുവരാനും കഴിഞ്ഞിട്ടില്ല.

ലൈഫ് മിഷൻ പദ്ധതിയിൽ ഓമനയുടെ പേരുണ്ടായിരുന്നതാണ് എന്നാൽ ഗ്രാമസഭയിൽ ഇവരുടെ പേർ കാണാനില്ല.അതുകൊണ്ട് ലൈഫ് മിഷൻ ആനുകൂല്ല്യം ലഭിച്ചതുമില്ല.അടച്ചുറപ്പുളൊരു വീടാണ് ഈ അമ്മയുടെയും മകന്റെയും ഏക ആഗ്രഹം.അധികൃതർ ഇനിയെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ.