മറ്റൂർ കോളേജ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു

.

കാലടി: മറ്റൂർ കോളേജ് റോഡിൽ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനം മൂലം മറ്റൂർ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. തകർന്നു കിടന്ന റോഡ് ഒരു മാസം മുമ്പാണ് ആധുനിക രൂപത്തിൽ ടാർ ചെയ്തത്. റോഡിന്റെ വശങ്ങളിൽ വെള്ളം പോകാൻ കാനകൾ നിർമ്മിക്കാതെയാണ് റോഡ് പുനരുദ്ധരിച്ചത്. വെള്ളം പോകാൻ മാർഗ്ഗമില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം കെട്ടി കിടക്കുകയാണ്.

ആദിശങ്കര എൻജിനിയറിങ് കോളേജ്, ശ്രീ ശാരദ വിദ്യാലയം, ശ്രീ ശങ്കര കോളേജ് എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ പോകുന്നത് ഇതിലൂടെയാണ്.വാഹനങ്ങൾ വന്നാൽ വിദ്യാർത്ഥികൾക്ക് റോഡിൽ മാറി നിൽക്കാൻ പോലും സ്ഥലമില്ല. പലപ്പോഴും വെള്ളം വിദ്യാർത്ഥികളുടെ ദേഹത്ത് പതിക്കുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം അടിച്ചു കയറുന്നുണ്ട്.

റോഡിന്റെ നിർമ്മാണ സമയത്ത് അശാസ്ത്രീയ നിർമ്മാണത്തേക്കുറിച്ച് നാട്ടുകാരും, വ്യാപാരികളും ചൂണ്ടി കാട്ടിയതാണ്. എന്നാൽ അതൊന്നും വകവക്കാതെയാണ് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.അടിയന്തിരമായി റോഡിൽ കാനനിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് യാത്രക്കാരും, വ്യാപാരികളും ആവശ്യപ്പെട്ടു.