മാലിന്യകൂമ്പാരമായി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത്

.

കാലടി: മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ സമ്പൂർണ്ണ മാലിന്യ നിർമ്മാർജന യജ്ഞം (സമാനിയ 2018) നടത്തിയിട്ടും പലയിടത്തും മാലിന്യങ്ങൾ കുന്നു കൂടി കിടക്കുന്നു.മാലിന്യങ്ങൾ വീടുകളിൽ നിന്നും മറ്റും ശേഖരിച്ച് സംസ്‌ക്കരിക്കുന്ന പഞ്ചായത്തിന്റെ പദ്ധതിയാണ് സമാനിയ. പദ്ധതി പ്രകാരം ശേഖരിച്ച മാലിന്യങ്ങൾ ചാക്കുകളിലാക്കി റോഡിന്റെ ഇരുവശങ്ങളിലും കൊണ്ടുവന്നിട്ടിരിക്കുകയാണ്.

മാലിന്യം നിറച്ച ചാക്കുകൾ റോഡിൽ നിന്ന് നീക്കം ചെയ്യാനുള്ള യാതൊരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ലന്ന് നാട്ടുകാർ പറയുന്നു.മാലിന്യ കൂമ്പാരങ്ങളിൽ വെള്ളം കെട്ടികിടന്ന് ദുർഗന്ധം വമിക്കുകയും ഈച്ചകളും കൊതുകുകളും പെരുകുകയും ചെയ്യുന്നു. കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്തവിധം മാലിന്യങ്ങൾ റോഡ് സൈഡിൽ ചിതറികിടക്കുകയാണ്.മൂക്ക് പൊത്തിയാണ് യാത്രക്കാർ ഇതിലൂടെ കടന്ന് പോകുന്നത്.

malinyam-malayattoor-2മഴയിൽ മാലിന്യങ്ങൾ ഒഴുകി ജല സ്രോതസ്സുകളിൽ എത്തിച്ചേരാനും സാധ്യതയുണ്ട്.മറ്റ് സ്ഥലങ്ങളിൽ നിന്നുളള അറവുശാലാ മാലിന്യങ്ങൾ,ആശുപത്രിയിലെ മാലിന്യങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.പഞ്ചായത്ത് നൽകിയ ചാക്കുകളിൽ മാലിന്യങ്ങൾ നിറച്ചുവച്ചിരിക്കുകയാണ് വീട്ടുകാർ.അത് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമാണ് വീട്ടുകാർ.

പഞ്ചായത്തിന്റെ ഇത്തരം കെടുകാര്യസ്ഥതകൾക്കെതിരെ പഞ്ചായത്തിന് മുമ്പിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് ജനാധിപത്യ കേരളകോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.ഡി സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, മണി തൊട്ടിപ്പറമ്പിൽ, ഡെന്നിസ് കന്നപ്പിള്ളി, രാജുഎം.പി, സെബാസ്റ്റ്യൻ ഇലവംകുടി, വിഷ്ണു വെള്ളിയാംകുളം, ഷാജി കിടങ്ങേൻ എന്നിവർ അറിയിച്ചു.