കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും കറൻസി വേട്ട

 

നെടുമ്പാശ്ശേരി :കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ വീണ്ടും കറൻസി വേട്ട. ഗൾഫിലേയ്ക്ക് പോകുവാൻ വിമാനതാവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ അനധികൃതമായി കടത്തുവാൻ ശ്രമിച്ച വിദേശ കറൻസി കസ്റ്റംസ് എയർ ഇന്റലിജെൻസ് വിഭാഗം പിടികൂടി.

വ്യാഴാഴ്ച്ച പുലർച്ചെ 4.30 ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് ഷാർജയിലേയ്ക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുവാൻ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് വിദേശ കറൻസിപിടികൂടിയത്. തൃശൂർ മാള സ്വദേശി വിഷ്ണു (27) ആണ് വിദേശ കറൻസി കടത്തുവാൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായത്. പരിശോധനകൾ നടക്കുന്നതിനിടെ ചെക്കിംഗ് ബാഗേജിൽ നിന്നുമാണ് വിദേശ കറൻസി കണ്ടത്തിയത്.

കുവൈറ്റ് ദിനാർ , ഒമാൻ ദർഹം , സൗദി റിയാൽ , യു എസ് ഡോളർ തുടങ്ങിയ വിദേശ കറൻസികളായിരുന്നു പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. ബുധനാഴ്ച്ച കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പോയ എമിറൈറ്റ്സ് എയർലൈൻസ് വിമാനത്തിലെ അഫ്ഗാനിസ്ഥാൻ സ്വദേശിയിൽ നിന്ന് അനധികൃതമായി വിദേശത്തേയ്ക്ക് കടത്തുവാൻ ശ്രമിച്ച പതിനൊന്ന് കോടി രൂപയുടെ യുഎസ് ഡോളറും സൗദി റിയാലും പിടികൂടിയിരുന്നു.