നെടുമ്പാശേരിയിൽ‌ വൻ വിദേശ കറൻസി ശേഖരം പിടികൂടി: അഫ്‌ഗാൻ പൗരൻ കസ്റ്റഡിയിൽ

 

നെടുമ്പാശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ വിദേശ കറൻസി ശേഖരം പിടികൂടി. 10 കോടിയിലധികം രൂപയുടെ മൂല്യം കണക്കാക്കുന്ന വിദേശ കറൻസിയാണ് പിടികൂടിയത്. അമേരിക്കൻ ഡോളറാണ് പിടികൂടിയ കറൻസികളിൽ ഭൂരിഭാഗവും.സംഭവുമായി ബന്ധപ്പെട്ട് അഫ്‌ഗാനിസ്ഥാൻ സ്വദേശി യൂസഫ് മുഹമ്മദ് സിദ്ദിഖിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. ഡൽഹി-ദുബായ് വിമാനത്തിൽ കടത്താൻ ശ്രമിച്ച കറൻസിയാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹിയിൽ നിന്നും കൊച്ചി വഴി പോകുന്ന ദുബായ് വിമാനത്തിലാണ് ഇയാൾ എത്തിയത്. എന്നാൽ വിമാനം കൊച്ചിയിൽ വച്ച് സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന്, പിന്നീടുള്ള യാത്ര റദ്ദാക്കുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഹോട്ടലുകളിലേക്കും മാറ്റിയിരുന്നു. തുടർന്ന് ഈ യാത്രക്കാർക്ക് പകരം യാത്രാസംവിധാനമായി അനുവദിക്കപ്പെട്ട എമിറേറ്റ്സ് വിമാനത്തിൽ ഇന്നു പുലർച്ചെ നാല് മണിയോടെ ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കിടെയാണ് കറൻസിയുമായി ഇയാളെ പിടികൂടിയത്.