കാലടി പഞ്ചായത്ത് സെക്രട്ടറിയെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം:ബിജെപി

 
കാലടി: കാലടി പഞ്ചായത്തിലെ സെക്രട്ടറിയെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബി ജി പി ആവശ്യപ്പെട്ടു. ഈ ഭരണസമിതി നിലവിൽ വന്നതിന് ശേഷമുള്ള ആറാമത്തെ സെക്രട്ടറിയാണിത്.നിയമ വിരുദ്ധ പ്രവർത്തനത്തിന് കൂട്ട് നിൽക്കാത്തതിനാലാണ് സെക്രട്ടറിയെ മാറ്റുന്നതെന്ന് ബിജെപി ആരോപിച്ചു.

പത്താം വാർഡിൽ മേക്കാലടിയിൽ പാടം നികത്തി പണിത ഇരുപതിനായിരം സ്‌ക്വെയർ ഫീറ്റോളം ഉള്ള ഗോഡൗണിന് ലൈസൻസ് കൊടുക്കുന്നത് സംബന്ധിച്ചും ഡമ്പിങ്ങ് യാർഡിലെ മാലിന്യം നീക്കം ചെയ്യുന്നതിലെ അഴിമതിക്കും കൂട്ട് നിൽക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും ചേർന്ന് സെക്രട്ടറിയെ മാറ്റുന്നത്. കഴിഞ്ഞ മൂന്ന് പഞ്ചായത്ത് കമ്മറ്റിയിലും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിഡന്റും, വൈസ് പ്രസിഡന്റും ചേർന്ന് രൂക്ഷമായിട്ടാണ് സെക്രട്ടറിയെ വിമർശിച്ചതെന്നും ബിജെപി പറയുന്നു.

നിയമ വിരുദ്ധമായി ലൈസൻസ് നൽകിയിട്ടുള്ള ഗോഡൗണുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് പി എൻ സതീശനും ജന. സെക്രട്ടറി ടി എസ് രാധാകൃഷ്ണനും ബി ജെ പി കാലടി പഞ്ചായത്ത് പ്രസിഡന്റ് സതീഷ് തമ്പിയും ആവശ്യപ്പെട്ടു.