മന്ത്രിയുടെയും എംഎൽഎയുടെയും പേരിൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നിർബന്ധിത പിരിവ് : കാലടി പഞ്ചായത്ത് പ്രസിഡന്‍റിന് ട്രസ്റ്റിന്‍റെ ഭീഷണി

.

കാലടി: കാലടി അങ്കമാലി മേഖലയിൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പേരിൽ നിർബന്ധിത പിരിവ് നടത്തുന്നതായി പരാതി. പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ പ്രസിഡന്‍റും ഓർഫനേജ് കൺട്രോൾ ബോർഡ് ഡയറക്റ്ററും കാലടി പഞ്ചായത്ത് പ്രസിഡന്‍റുമായ കെ. തുളസിയെയും സംഘത്തിൽ പെട്ടവർ കഴിഞ്ഞദിവസം വീട്ടിലെത്തി പിരിവ് കൊടുക്കാത്തതിനു ഭീഷണിപ്പെടുത്തി.

ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചു പിരിവിനെത്തിയവരിൽ നിന്നു മനസിലാക്കിയ പഞ്ചായത്ത് പ്രസിഡന്‍റ് ഈ ട്രസ്റ്റിന്‍റെ നടത്തിപ്പുകാരെ ഫോണിൽ വിളിച്ചപ്പോൾ അവർ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും പറഞ്ഞു. തുടർന്ന് അവർ സിപിഎം പ്രവർത്തകരെ വിവരം അറിയിക്കുകയും പാർട്ടി നേതാക്കൾ അങ്കമാലി പൊലീസിൽ പരാതി നൽകുകയും ചെയ്തു.പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ട്രസ്റ്റിന്‍റെ ഓഫിസിൽ പരിശോധന നടത്തിയപ്പോൾ ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനായില്ലെന്നും രേഖകളുമായി സ്റ്റേഷനിൽ ഹാജരാവാൻ നടത്തിപ്പുകാരോട് നിർദേശിച്ചതായും അങ്കമാലി പൊലീസ് അറിയിച്ചു.

അങ്കമാലി കിടങ്ങൂർ ഗാന്ധി കവല ബസ് സ്റ്റോപ്പിൽ ഇരുനില വാടക കെട്ടിടത്തിലാണ് മാതൃക ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനം ബോർഡ് വച്ച് പ്രവർത്തിക്കുന്നതെന്നു പരാതിയിൽ പറയുന്നു. ട്രസ്റ്റിന്‍റെ പേരിൽ കൂലിക്ക് ആളെവച്ചു കാലടി, അങ്കമാലി മേഖലകളിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നതായും പിരിവിന് നിയോഗിക്കപ്പെട്ടവർ പണം കൊടുക്കാത്ത വീടുകളിലുള്ളവരോടു മോശമായി സംസാരിച്ചിരുന്നതായും പരാതിയിലുണ്ട്.

കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിൽ പിരിവിന് ചെന്നവരാണ് തങ്ങൾ കൂലിപ്പണിക്കാരാണെന്നു വെളിപ്പെടുത്തിയത്. തുടർന്ന് കെ. തുളസി ട്രസ്റ്റിന്‍റെ അധികാരികളുടെ നമ്പർ ആവശ്യപ്പെട്ടപ്പോൾ മലയാറ്റൂർ സ്വദേശിയുടെ ഫോൺ നമ്പർ നൽകി. ഫോണിൽ വിളിച്ചപ്പോൾ അപമാര്യാദയായാണ് ഇയാൾ സംസാരിച്ചതത്രെ.

ഇക്കാര്യം സ്ഥാപനം പ്രവർത്തിക്കുന്ന തുറവൂർ പഞ്ചായത്തിലെ സിപിഎം ലോക്കൽ സെക്രട്ടറിയെ അറിയിച്ചു. സിപിഎം തുറവൂർ ലോക്കൽ സെക്രട്ടറി കെ.പി. രാജൻ ട്രസ്റ്റുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹത്തെയും ഭീഷണിപ്പെടുത്തി. സ്ഥാപനത്തിൽ അന്വേഷിച്ചു ചെന്ന‌പ്പോൾ അവിടെ പണപ്പിരിവിനു പോകുന്ന കൂലിപ്പണിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു പരാതിയിൽ പറയുന്നു.

ചാരിറ്റിയുടെ പേരിൽ നിർബന്ധിത പിരിവ് നടത്തുന്നവർക്കെതിരേ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നു കെ.പി. രാജൻ അങ്കമാലി പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. റോജി എം. ജോൺ എംഎൽഎയുടെ പേരിലും അനധികൃത പരിവ് ട്രസ്റ്റ് നടത്തുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പൊലീസിൽ പരാതി നൽകുമെന്നും റോജി എം ജോൺ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് തുളസി കാലടി സി ഐ സജി മാർക്കോസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് സജി മാർക്കോസ് ന്യൂസ് വിഷനോട് പറഞ്ഞു.

കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ ഓഫിസ് പ്രവർത്തിക്കുന്നുണ്ടെന്നും ജീവകാരുണ്യപ്രവർത്തനമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രസ്റ്റിന്‍റെ വെബ്സൈറ്റിൽ പറയുന്നുണ്ട്.