നിയന്ത്രണം വിട്ട ലോറി മടയില്‍ വീണ് ഡ്രൈവര്‍ മരിച്ചു

 

നെടുമ്പാശ്ശേരി:  കരിങ്കല്ല് കയറ്റാന്‍ പാറമടയിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി 100 അടിയോളം താഴ്ചയുള്ള മടയില്‍ വീണ് ഡ്രൈവര്‍ മരിച്ചു. അങ്കമാലി കറുകുറ്റി കളരിക്കല്‍ ഏല്യാസാണ് (44)ആണ്‌ മരിച്ചത്. പാറക്കടവ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പുളിയനത്ത് തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

പുളിയനം തേലപ്പിള്ളി ജോയിയുടെ ഉടമസ്ഥതയിലുള്ള പാറമടയാണിത്. കുത്തനെയുള്ള ഇറക്കവും, വളവും, തിരിവുമുള്ള പാറമടയിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട്‌ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന പാറമടയില്‍ പതിക്കുകയായിരുന്നു. അപകട സമയത്ത് മടയുടെ ഉള്‍ഭാഗം ഡ്രൈവറുടെ ഭാഗത്തായിരുന്നതിനാല്‍ ചാടി രക്ഷപ്പെടാനും സാധിച്ചില്ല.

അപകടം സംഭവിച്ചയുടന്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ മാറിക്കോ എന്ന് ഏല്യാസ് ആക്രോശിച്ച് കൊണ്ടിരുന്നുവെന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്.