നീലകണ്ഠനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി

 
.

പെരുമ്പാവൂർ:നാട്ടുകാരുടെ എതിർപ്പ് മറികടന്ന് കോടനാട് അഭയാരണ്യത്തിൽ നിന്നും നീലകണ്ഠൻ എന്ന ആനയെ പരിശീലനത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.തിങ്കളാഴ്ച്ച രാത്രി 9.30 ഓടെയാണ് കൊണ്ടുപോയത്.ആനയെ കൊണ്ടുപോകുന്നതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലായിരുന്നു.

വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.ആനയെ കൊണ്ടുപോകുന്ന ലോറി തടഞ്ഞവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.ഞായറാഴ്ച്ച വെളുപ്പിന് ആനയെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം നടന്നില്ല.തുടർന്ന് എൽദോസ് കുന്നപ്പിളളി എംഎൽഎയും,വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ചർച്ച നടത്തിയിരുന്നു.

കുങ്കിയാന പരിശീലനത്തിനായാണ് നീലകണ്ഠനെ കൊണ്ടു പോകുന്നത്.9 മാസമാണ് പരിശീലനം.ചെറുപ്പത്തിൽ കോടനാട് എത്തിയതാണ് നീലകണ്ഠൻ.നാട്ടുകാർക്കും,വിനോദ സഞ്ചാരികൾക്കും ഏറെ പ്രിയങ്കരനാണ് .ആനയെ തിരികെ കൊണ്ടുവരില്ലെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ പരിശീലനത്തിനു ശേഷം നീലകണ്ഠനെ തിരികെ കോടനാട് എത്തുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു