കാറ്റിലും മഴയിലും നെടുമ്പാശേരിയിലും,അയ്യമ്പുഴയിലും വൻ നാശനഷ്ടം

.

നെടുമ്പാശേരി : കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നെടുമ്പാശേരി മേഖലയിൽ വീശിയടിച്ച കാറ്റിലും മഴയിലും വൃക്ഷങ്ങള്‍ കടപുഴകി വൻ നാശനഷ്ടം. നെടുമ്പാശേരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മേയ്ക്കാട് ചമ്പന്നൂര്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. മാറേക്കാടന്‍ നാരായണന്‍റെ വീടിനു മുകളിലേയ്ക്ക് വീടിനു സമീപം നിന്നിരുന്ന ജാതിമരം കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു.വീടിന്‍റെ അടുക്കള ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.

കിഴക്കേടത്ത് ദേവസികുട്ടിയുടെ വീടിന്‍റ മേല്‍കുര്യ്ക്ക് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞു വീണ് വീടിനു കേടുപാടുകള്‍ സംഭവിച്ചു.പ്രദേശത്ത് വാഴ, ജാതി തുടങ്ങിയ വിളകള്‍ക്കും കാറ്റില്‍ നാശം സംഭവിച്ചിട്ടുണ്ട്. പലയിടത്തും, വൈദ്യുതി ലൈനുകള്‍ക്ക് മുകളില്‍ മരം വീണ് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പ്രകൃതി ക്ഷോഭത്തില്‍ വീടുതകര്‍ന്നവര്‍ക്കും, കൃഷി നാശം സംഭവിച്ചവര്‍ക്കും നഷ്ട്ടപരിഹാരം നല്‍കണമെന്ന് നെടുമ്പാശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.സി. സോമശേഖരന്‍ റവന്യു അധികൃതരോട് ആവശ്യപ്പെട്ടു.

അയ്യമ്പുഴയിൽ ശനിയാഴ്ച വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. ജാതി,വാഴ, റബർ തുടങ്ങിയ കൃഷികൾ നശിച്ചു. പലയിടത്തും തേക്ക് കടപുഴകി വീണു. അയ്യമ്പുഴ കട്ടിങ്ങിൽ വിടിന് മുകളിൽ തേക്ക് ‌ ‌വീണു വീട് ഭാഗികമായി തകർന്നു. പ്ലാന്‍റേഷനിൽ കുഴപ്പള്ളിത്തറ വീട്ടിൽ കെ.പി. ബെന്നിയുടെ വീടിന് മുകളിലാണ് തേക്ക് ‌ വീണത്. ആർക്കും പരിക്കുകളില്ല.

ഈട്ടുങ്ങപ്പടി വീട്ടിൽ പാപ്പുവിന്‍റെ 50 റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞ് വീണു. ചുള്ളിയിൽ പാലേലി പൗലോസിന്‍റെ റബർ മരങ്ങളും കാറ്റിൽ ഒടിഞ്ഞ് വീണു. ചട്ടക്കാരൻ ബാബുവിന്‍റെ കവുങ്ങ് ഒടിഞ്ഞ് വീണു പ്രദേശത്ത് വൈദ്യുതി ബന്ധം പുർണമായും വിച്ഛേദിക്കപ്പെട്ടു. മരങ്ങൾ റോഡിലേക്ക് മറിഞ്ഞ് പലയിടത്തും
ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.