വ്യാജ ചെക്ക് നൽകി ബൈക്ക് വാങ്ങാൻ ശ്രമം; യുവാവ് അറസ്റ്റിൽ

.

അങ്കമാലി: അങ്കമാലി കിടങ്ങൂർ സ്വദേശി ഓൺലൈൻ വൈബ്സൈറ്റായ ഓഎൽ എക്സിൽ വിൽക്കാൻ ശ്രമിച്ച ഒരു ലക്ഷത്തി അറുപതിനായിരം രൂപയുടെ ബൈക്ക് വാങ്ങാൻ വ്യാജ ചെക്ക് നൽകിയ കേസിൽ യുവാവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മാവടി വെള്ളിക്കുളം മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസ് (21)ആണ് പിടിയിലായത്.

എച്ച്ഡിഎഫ്സി ബാങ്കിന്‍റ ചെക്കുകളാണ് ഇയാൾ വ്യാജമായി നിർമിച്ചത്. ബൈക്കിന് ഒരു ലക്ഷത്തി അൻപതിനായിരം രൂപക്ക് കച്ചവടം ഉറപ്പിച്ചശേഷം ചെക്ക് നൽകുകയായിരുന്നു. എന്നാൽ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉടമ പൊലിസിൽ അറിയിച്ചതിനെത്തുടർന്ന് പൊലിസ് പ്രത‌ിയെ പിടികൂടുകയായിരുന്നു.‌

അങ്കമാലി സിഐ മുഹമ്മദ് റിയാസ്, അങ്കമാലി എസ്ഐ എൻ.എ. അനൂപ്, എഎസ്ഐ അഷ്റഫ്, പൊലീസുകാരായ പ്രഫുല്ലൻ, ജിസ്മോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്ക് സമാനമായ മറ്റു കേസുകളിൽ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണ്.