നീലകണ്ഠനെ കൊണ്ടു പോകുന്നത് നാട്ടുകാർ തടഞ്ഞു

.

പെരുമ്പാവൂർ:കോടനാട് അഭയാരണ്യത്തിൽ നിന്നും നീലകണ്ഠൻ എന്ന ആനയെ പരിശീലനത്തിനായി തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്നത് നാട്ടുകാർ തടഞ്ഞു.ഞായറാഴ്ച്ച വെളുപ്പിന് 2 മണിയോടെയാണ് ആനയെ കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്.

ആനയെ കയറ്റാൻ ലോറി അഭയാരണ്യത്തിലേക്ക് എത്തിയതറിഞ്ഞ നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു.പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആനയെ കൊണ്ടുപോകാനുളള ശ്രമം വനംവകുപ്പ് ഉപേക്ഷിക്കുകയായിരുന്നു.

കുങ്കിയാന പരിശീലനത്തിനായാണ് നീലകണ്ഠനെ ഇവിടെ നിന്നും കൊണ്ടുപോകുന്നത്.കോടനാട്ടു നിന്നും 2002-ൽ 2 ആനകളെ പരിശീലനത്തിനെന്ന പേരിൽ കൊണ്ടുപോയിരുന്നു. ഇവയെ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പക്ഷേ തിരികെ കൊണ്ടു വന്നില്ല . സണ്ണി , കുഞ്ചു എന്നീ ആനകളെയാണ് കൊണ്ടുപോയത്. ഇതിൽ സണ്ണി ചരിഞ്ഞു.

കോടനാട് ജനിച്ച സണ്ണി ചരിഞ്ഞതിൽ ദുഃഖിതരായ നാട്ടുകാർ വേണ്ട രീതിയിലുള്ള സംരക്ഷണം സണ്ണിയക്ക് നൽകിയില്ല ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ പ്രശ്നം നിലനിൽക്കേയാണ് മറ്റൊരാനയെ കൊണ്ടു പോകാൻ നീക്കം നടക്കുന്നത്.നീലകണ്ഠന്‌ ഈ നാടുമായി ഏറെ അടുപ്പമുണ്ട്. നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രിയങ്കരനാണിവൻ. വടാട്ടുപാറയിൽ നിന്നും 6 മാസം മാത്രം പ്രായമുള്ളപ്പോൾ 1996 ൽ പഴയ ആനക്കുഴികളിലൊന്നിൽ വീണുക്കിട്ടിയതാണിവനെ .

അനേകം ആരാധകരുള്ള നീലകണ്ഠൻ അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ്.ഈ ആനയെ കൊണ്ടു പോകരുതെന്നാണ് നാട്ടുകാർ പറയുന്നത്‌. എന്നാൽ 9 മാസത്തെ പരിശീലനത്തിനായാണ് നീലകണ്ഠനെ കൊണ്ടുപോകുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്‌.പരിശീലനത്തിനു ശേഷം നീലകണ്ഠനെ തിരിച്ചുകൊണ്ടുവരുമെന്നും അവർ പറയുന്നു