നിർത്തിയിട്ട ലോറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു

 
നെടുമ്പാശേരി: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും രണ്ട് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ രണ്ടു പേർ നെടുമ്പാശേരി പൊലീസിന്‍റെ പിടിയിലായി. പുത്തൻവേലിക്കര രാമവിലാസത്തിൽ ഗണേഷ് രാമചന്ദ്രൻ (27), കൊടകര അനന്തപുരം തെക്കേക്കര വീട്ടിൽ പ്രസാദ് (32) എന്നിവരെയാണ് നെടുമ്പാശേരി എസ്ഐ പി.ജെ. നോബിൾ അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുമ്പ് ചെറിയ വാപ്പാലശേരി പള്ളിയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് 14,000 രൂപയിലേറെ വിലയുള്ള രണ്ട് ഫോണുകൾ കവർന്നത്. മാള, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ട്.