ആഴ്ചകൾക്ക് മുൻപ് മാത്രം അറ്റകുറ്റ പണി തീർത്ത മറ്റൂർ-കരിയാട് റോഡ് തകർ‌ന്ന നിലയിൽ

 

നെടുമ്പാശ്ശേരി: ആഴ്ചകൾക്ക് മുൻപ് മാത്രം അറ്റകുറ്റ പണി തീർത്ത റോഡ് തകർ‌ന്നു. ഉപരാഷ്ട്രപതിയുടെ കാലടി സന്ദർശനത്തോടനുബന്ധിച്ച് ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപണികൾ ചെയ്ത വിമാനത്താവളത്തിനു മുന്നിലൂടെ പോകുന്ന മറ്റൂർ-കരിയാട് റോഡാണ് തകർന്നത്, പെരുമ്പാവൂർ , കാലടി, അങ്കമാലി ഭാഗത്ത് നിന്നും വിമാനത്താവളത്തിലേക്ക് വരുന്നവർ ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്.

മാസങ്ങളായി കുണ്ടും കുഴികളും നിറഞ്ഞ് തകർന്ന റോഡ് ഏതാനും ആഴ്ചകൾക്ക് മുൻപ് ഉപരാഷ്ട്രപതിയുടെ കാലടി സന്ദർശനത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി ലക്ഷങ്ങൾ മുടക്കി വിമാനത്താവളം മുതൽ മറ്റൂർ കവല വരെയുള്ള കുഴികൾ അടിയന്തിരമായി നികത്തിയിരുന്നു. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് ശേഷം ദിവസങ്ങൾക്കകം തന്നെ അറ്റകുറ്റപണികൾ നടന്ന പലയിടത്തും മഴയിൽ ടാറിംഗ് ഒലിച്ചുപോയിരുന്നു.

വിമാനത്താവളത്തിന് മുന്നിൽ നിന്നും നായത്തോട് ഭാഗം വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് ഏറ്റവും കൂടുതൽ തകർന്നിരിക്കുന്നത്. മഴ പെയ്ത് റോഡിലേക്ക് എത്തുന്ന വെള്ളം ഒഴുകി പോകാൻ സംവിധാനം ഇല്ലാത്തതാണ് റോഡ് തകരാൻ പ്രധാന കാരണം. മഴവെള്ളം കെട്ടി നിന്ന് ടാറിങ്ങ് ഇളകി പോകുകയായിരുന്നു. ചുരുക്കം ചില ഭാഗങ്ങളിൽ മുൻപ് കാനകൾ നിർമിച്ചിരുന്നെങ്കിലും അതെല്ലാം മൂടിയ അവസ്ഥയിലാണ്.

കാനകൾ ഇല്ലാതായതോടെ മഴ നിലച്ച് മണിക്കൂറുകൾക്ക് ശേഷമാണ് റോഡിൽ നിന്നും വെള്ളം ഒഴിവാകുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇത് വഴി വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.കുഴികളിൽ വെള്ളം നിറയുന്നതോടെ ഇരുചക്രവാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. വാഹനങ്ങൾ കുഴിയിൽപ്പെട്ട അപകടത്തിൽപ്പെടുന്നതും പതിവായി.