വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇന്നസെന്റ് എംപി

 

അങ്കമാലി:എംപിയായി ചുമതലയേറ്റതിന്റെ നാലാം വര്‍ഷത്തില്‍ മണ്ഡലത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ചാലക്കുടി എംപി ഇന്നസെന്റ്. എംപിയായി അധികാരത്തിലേറിയ ശേഷം ഓരോ മേഖലയിലും നടത്തിയ പദ്ധതികളും വികസനങ്ങളുമാണ് എംപി വിശദീകരിക്കുന്നത്. പ്രധാനപ്പെട്ട വസ്തുതകള്‍ മാത്രമാണ് ചൂണ്ടിക്കാട്ടുന്നതെന്ന മുഖവുരയോടെയാണ് എംപി കുറിപ്പിട്ടിരിക്കുന്നത്. എംപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചാലക്കുടിയിലെ ജനങ്ങള്‍ നന്ദി അര്‍പ്പിക്കുന്നുണ്ട്. ഒപ്പം ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും ജനങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ഇന്നസെന്റ് എം പി കുറിപ്പിട്ടിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 എം.പി ആയി ചുമതലയേറ്റിട്ട് നാല് വർഷം പൂർത്തിയാകുന്നു.

ചാലക്കുടിയിലെ ജനങ്ങൾ എന്നിലർപ്പിച്ച വിശ്വാസവും പ്രതീക്ഷയും നിറവേറ്റാൻ ആവുന്നത്ര പരിശ്രമിച്ചിട്ടുണ്ട്. കുറവുകൾ കണ്ടേക്കാം. എങ്കിലും ചാലക്കുടിയുടെ വികസനത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ചില ചലനങ്ങൾ സൃഷ്ടിക്കാൻ പിന്നിട്ട നാലു വർഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

ഈ കാലയളവ് എന്ത് അവശേഷിപ്പിക്കുന്നു എന്നതിന്റെ സമഗ്രവും സവിസ്തരവുമായ പ്രതിപാദനം ഇവിടെ ഉദ്ദേശിക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ചില വസ്തുതകൾ മാത്രം ചൂണ്ടിക്കാട്ടാം.

#ശ്രദ്ധ_ആരോഗ്യസുരക്ഷ
ആരോഗ്യ മേഖലയിൽ നവീനവും മുൻ അനുഭവങ്ങൾ ഇല്ലാത്തതുമായ എളിയ ചില ശ്രമങ്ങൾ നടത്താനായി.

അഞ്ച് ആശുപത്രികളിൽ മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചു. സ്തനാർബുദ പരിശോധനക്ക് ഇത്രയും വിപുലമായ സൗകര്യം രാജ്യത്ത് വേറെ എവിടെയുമില്ല. ഓരോ യൂണിറ്റിനും 70 ലക്ഷം രൂപ വീതം മൂന്നര കോടി രൂപ ചെലവിട്ടാണ് മാമോഗ്രാം യൂണിറ്റുകൾ സ്ഥാപിച്ചത്.

കൊടുങ്ങല്ലൂരും ചാലക്കുടിയിലും രണ്ട് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. അയ്യായിരത്തോളം ഡയാലിസിസുകൾ ഇതിനകം ഈ രണ്ടു യൂണിറ്റുകളിലുമായി പൂർത്തിയാക്കി. കൊടുങ്ങല്ലൂർ ഡയാലിസിസ് യൂണിറ്റിൽ പൂർണ്ണമായും സൗജന്യമാണ് ചികിത്സ. അഞ്ചു പൈസയുടെ ചിലവില്ലെന്ന് അർത്ഥം.

അങ്കമാലി, പെരിഞ്ഞനം, മാള, കാലടി, തുറവൂർ, മേലൂർ തുടങ്ങിയ സർക്കാർ ആശുപത്രികളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കി. മാതൃ ശിശു വാർഡ് , പുതിയ കെട്ടിടങ്ങൾ, ഡിജിറ്റൽ എക്സ് റേ, അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീനുകൾ എന്നു തുടങ്ങി വൻ വികസന പദ്ധതികളാണ് യാഥാർത്ഥ്യമായത്.

#സാന്ത്വനം
ഭിന്നശേഷിയുള്ളവർക്കായി മുച്ചക്ര സ്കൂട്ടറുകൾ സൗജന്യമായി നൽകി വരുന്നു. 25 പേർക്കാണ് ആദ്യഘട്ടത്തിൽ സ്കൂട്ടറുകൾ നൽകിയത്.

#ഇതിനൊക്കെപ്പുറമേ
ഇന്ത്യക്കു തന്നെ മാതൃകയാവുന്ന ഒരു ആരോഗ്യ സുരക്ഷാ പദ്ധതിയും നടപ്പാക്കും. കൊച്ചി റിഫൈനറിയുടെ സഹായത്തോടെയാണിത്.

ജീവിതശൈലീ രോഗങ്ങളും കാൻസർ, വൃക്ക, ഹൃദ്രോഗങ്ങളും, മറ്റ് മാരക സ്വഭാവമുള്ള രോഗങ്ങളും നിരവധി പേരെയാണ് ആശങ്കയിലാഴ്ത്തുന്നത്. ചികിത്സിക്കാനുള്ള ചെലവ് എത്രയോ കുടുംബങ്ങളെ വഴിയാധാരമാക്കുന്നു. കൃത്യവും ശാസ്ത്രീയവുമായ ആരോഗ്യ പരിശോധന നടത്താത്തതിനാൽ രോഗം മൂർച്ഛിച്ച ശേഷം മാത്രമാണ് പലരും അസുഖം മനസിലാക്കുന്നത്.ഈ ദുരവസ്ഥ ഒഴിവാക്കാൻ രോഗത്തെ പ്രതിരോധിക്കുന്നതിലുടെ മാത്രമേ കഴിയൂ.

ശ്രദ്ധ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ ലോകസഭാ മണ്ഡലത്തിലെ 30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും പ്രാഥമിക ആരോഗ്യ പരിശോധന തീർത്തും സൗജന്യമായി നടത്താൻ അവസരമൊരുക്കുകയാണ്. ആശ പ്രവർത്തകരുടെ സംഘങ്ങൾ ഓരോ വീടുകളിലുമെത്തി ഈ ആരോഗ്യ പരിശോധന നടത്തും. മരുന്ന് ആവശ്യമുള്ളവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രികൾ എന്നിവ വഴി സൗജന്യമായി മരുന്നും നൽകും.

#എല്ലായിടത്തും #ലാബുകൾ
ലാബില്ലാത്ത എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും ലാബ് നൽകും.

ലോകസഭാ മണ്ഡലത്തിലെ 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കാണ് നിലവിൽ ലാബ് സാകര്യം ഇല്ലാത്തത്. ഇവക്ക് ലാബ് ലഭ്യമാകുന്നതോടെ സമ്പൂർണ്ണ ലാബ് സൗകര്യമുള്ള ഏക മണ്ഡലമായി ചാലക്കുടി മാറും.

#ഗോ #സ്മാർട്ട്
പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ സർക്കാർ സ്കൂളുകൾക്ക് സ്കൂൾ ബസുകൾ, സ്മാർട്ട് ക്ലാസ്സുകൾ, കെട്ടിടങ്ങൾ എന്നിവ നൽകി.

34 സ്കൂൾ ബസുകൾ ആണ് പിന്നോക്കാവസ്ഥയുള്ള സ്കൂളുകൾക്കായി നൽകിയത്.

ലോകസഭാ മണ്ഡത്തിലെ നൂറ്റമ്പതോളം സ്കൂളുകളിൽ സ്മാർട്ട് ക്ലാസുകൾ സ്ഥാപിച്ചു. പത്തോളം സ്കൂളുകൾക്ക് പുതിയ കെട്ടിടവും നിർമ്മിച്ചു നൽകി.

#സ്രോതസ്സ്
കുടിവെള്ള പദ്ധതി

ആശുപത്രിയും സ്കൂളും പോലെ തന്നെ നമുക്ക് ഏറ്റവും വേണ്ട മറ്റൊന്നാണ് കുടിവെള്ളം.

ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ദളിത്, ആദിവാസി, പിന്നോക്ക മേഖകളിലായി 23 കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയത്.

അതിരപ്പിള്ളിക്കടുത്ത് പുളിയിലപ്പാറയിൽ കുടിവെള്ളത്തിനായി വർഷങ്ങളോളം നെട്ടോട്ടമോടിയ ആദിവാസികൾക്കായി 69 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി നടപ്പാക്കി. കയ്പമംഗലം കടലായിക്കുളത്ത് 80 ലക്ഷം രൂപയുടേയും ആലുവ എടത്തല കുർളാട് പട്ടികജാതി കോളനിയിൽ 56 ലക്ഷം രൂപയുടേയും കാടുകുറ്റി ചേറാലക്കുന്ന് 57 ലക്ഷം രൂപയുടേതും ഉൾപ്പെടെ 23 കുടിവെള്ള പദ്ധതികളാണ് നിർമ്മാണത്തിലുള്ളത്.

#നാട്ടുവെളിച്ചം
തിരക്കേറിയ ജംഗ്ഷനുകളിൽ വെളിച്ചം ലഭ്യമാക്കി സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് നാട്ടു വെളിച്ചം.

100 ലധികം ഹൈമാസ്റ്റ് ലൈറ്റുകളാണ് ഇപ്രകാരം നാൽക്കവലകളിലും ജനത്തിരക്കേറിയ പ്രദേശങ്ങളിലും സ്ഥാപിച്ചത്.

പ്രധാനപ്പെട്ട 30 ദളിത് കോളനികളിൽ ‘ലൈറ്റുകൾ സ്ഥാപിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് സമാഹരിച്ച് പ്രധാന കേന്ദ്രങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും.

ഗ്രാമീണ ലൈബ്രറികൾ, അംഗനവാടികൾ, ഗ്രാമീണ റോഡുകൾ, പാലങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവ പ്രാദേശികാവശ്യങ്ങൾക്കനുസരിച്ച് അനുവദിച്ചു.

#അടിസ്ഥാനസൗകര്യം_വികസനം
റോഡുകളും പാലങ്ങളും ഉൾപ്പെടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കി.

കാലടിപ്പാലം എത്ര കാലത്തെ കാത്തിരിപ്പാണ്. ആ പാലം യാഥാർത്ഥ്യമാവാൻ പോകുന്നു. പാലത്തിന്റെ സ്ഥലം അളന്നുതിരിക്കുന്ന ജോലി നടക്കുന്നു. പാലത്തിന്റെ ഡിസൈൻ പൂർത്തിയാക്കി. പാലം നിർമ്മാണ ഘട്ടത്തിലേക്ക് അതിവേഗം ചുവടുവക്കുകയാണ്.

അങ്കമാലി ബൈപാസിന് കിഫ് ബി അനുമതി വാങ്ങി.

പെരുമ്പാവൂർ ബൈപാസിന് ബജറ്റ് വിഹിതം അനുവദിപ്പിച്ചു.

#ആദ്യപാലപ്പെരുമ
പി. എം. ജി. എസ്.വൈ പദ്ധതിയിൽ കേരളത്തിന് അനുവദിച്ച ആദ്യ പാലം ചാലക്കുടി ലോകസഭാ മണ്ഡലത്തിലാണ്.

തിരുവാണിയൂർ പഞ്ചായത്തിലെ അടിയാക്കൽ താഴത്ത് നിർമ്മാണം പൂർത്തിയാവുന്ന പാലം 3 കോടി രൂപ ചെലവിട്ടാണ് പണിതുയർത്തിയത്.

പി. എം ജി എസ്.വൈ പദ്ധതിയിൽ, ഒന്നും രണ്ടുമല്ല 23 റോഡുകളാണ് മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. എല്ലാം കൂടി 35 കോടി രൂപയുടെ നിക്ഷേപം.

കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 50 കോടി രൂപയുടെ റോഡുകളാണ് പണിയുന്നത്. ഇവയുടെ നിർമ്മാണം ആരംഭിച്ചു.

#റെയിൽവേ_വികസനം
ഇക്കാര്യത്തിൽ ഗംഭീരമുന്നേറ്റം ചാലക്കുടിയിൽ ഉണ്ടായി. ആലുവ റെയിൽവേ സ്റ്റേഷനിൽ എസ് കലേറ്ററും, ലിഫ്റ്റും, വിശ്രമമുറികളും, ടിക്കറ്റ് കൗണ്ടറുകളും ഉൾപ്പെടെ മൂന്നര കോടിയുടെ വികസന പദ്ധതി അനുവദിപ്പിച്ചു.

കറുകുറ്റി സ്റ്റേഷനിൽ പുതിയ കെട്ടിടം വന്നു.

ആലുവ പുറയാർ, അങ്കമാലി ചമ്പന്നൂർ റെയിൽവേ ലെവൽ ക്രോസുകൾക്കു പകരം മേൽപ്പാലങ്ങൾക്ക് അനുമതി നേടി.

ശബരി പാതക്കായി മറ്റ് എം.പിമാരുമായി യോജിച്ച് പ്രവർത്തിച്ച് 213 കോടി രൂപ അനുവദിപ്പിച്ചു.

കൂടുതൽ സ്റ്റോപ്പുകൾക്കു വേണ്ടി ചാലക്കുടിയിൽ നടത്തിയ സത്യഗ്രഹ സമരത്തിന്റെ റിസൾട്ട് വരും വർഷം ഉണ്ടാകുമെന്ന് കരുതുന്നു.

#മെഗാപദ്ധതികൾ
4 വമ്പൻ പദ്ധതികളാണ് ചാലക്കുടി ലോകസഭാ മണ്ഡലത്തിൽ ഒരുങ്ങുന്നത്.

#ടൂറിസം_സർക്യൂട്ട്
അതിരപ്പള്ളി മുതൽ കോടനാട് വരെയുള്ള ടൂറിസം സർക്യൂട്ട് പദ്ധതി എല്ലാ നടപടികളും പൂർത്തിയാക്കി കേന്ദ്രാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

മധ്യകേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങളായ അതിരപ്പിള്ളി – വാഴച്ചാൽ – തുമ്പൂർമുഴി- ഏഴാറ്റു മുഖം _ മലയാറ്റൂർ -കാലടി – കാഞ്ഞൂർ- ഇരിങ്ങോൾ കാവ് – നാഗഞ്ചേരി മന വഴി കോടനാട് അവസാനിക്കുന്ന സർക്യൂട്ട് യാഥാർത്ഥ്യമാവുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ കേരളത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും.

#നട്മെഗ്_പാർക്ക്
ജാതിക്കാകർഷകർക്ക് വേണ്ടിയുള്ള നട്മെഗ് പാർക്ക് സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

ജാതിക്കയിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിക്കുകയും മറ്റ് സംഭരണ വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന നട്മെഗ് പാർക്ക് 50 കോടി രൂപയുടെ സംരംഭമാണ്.

#ടെക്നോളജിസെന്റർ
കേന്ദ്ര MSME മന്ത്രാലയത്തിന് കീഴിൽ ആരംഭിക്കുന്ന ടെക്നോളജി സെന്റർ അങ്കമാലിയിലാണ്.

200 കോടി രൂപ മുതൽ മുടക്കുന്ന ഈ പദ്ധതി ചെറുകിട സംരംഭകർക്കും വിദ്യാർത്ഥികൾക്കും പ്രയോജനം ചെയ്യും.

#ആയുഷ്_ആസ്പത്രി
നാഷണൽ ആയുഷ് മിഷന്റെ 50 ബെഡുള്ള ആയുഷ് ആശുപത്രി ചാലക്കുടിയിൽ സ്ഥാപിക്കുന്നതിന് രണ്ടേ കാൽ കോടി രൂപ അനുവദിപ്പിച്ചു. ആയുർവേദ – ഹോമിയോ -സിദ്ധ ചികിത്സാ രീതികൾ സംയോജിപ്പിച്ചുള്ള ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

#സോഷ്യൽ_ഓഡിറ്റ്
എം.പി ഫണ്ട് ഏതൊക്കെ കാര്യങ്ങൾക്ക് ചെലവഴിക്കുന്നു?
അവ കൃത്യ സമയത്ത് പൂർത്തിയാവുന്നുണ്ടോ?
പണം ചോരാതെ നടപ്പാക്കുന്നുണ്ടോ എന്നെല്ലാം ആർക്കും പരിശോധിക്കാൻ അവസരമുണ്ടാക്കിയ ആദ്യ മണ്ഡലമാണ് ചാലക്കുടി.

എം.പി ഫണ്ടിന് രാജ്യത്താദ്യമായി സോഷ്യൽ ഓഡിറ്റ് നടത്തിയത് ചാലക്കുടിയിലാണ്.

എം.പി ഫണ്ട് ഏതൊക്കെ പദ്ധതികൾക്ക് വേണ്ടി ഉപയോഗിക്കണം എന്ന് ജനങ്ങളിൽ നിന്ന് നിർദ്ദേശം ക്ഷണിച്ച് നടപ്പാക്കിയ അപൂർവ്വതയും ചാലക്കുടിക്കുണ്ട്.

മികച്ച നിർദ്ദേശം സമർപ്പിച്ചവർക്ക് സമ്മാനവും നൽകി.

നാലു വർഷത്തെ സമഗ്ര പുരോഗതി റിപ്പോർട്ടല്ല ഇത്. പ്രധാന പോയിന്റുകൾ മാത്രം. ചാലക്കുടിയെ രാജ്യത്തിന് മുന്നിൽ മാതൃകയാക്കാൻ വരുന്ന വർഷവും നമുക്ക് ഒന്നായി പ്രയത്നിക്കാം.

.