ഫ്ലെക്സ് ബോർഡുകൾ കൊണ്ട്‌ ഗ്രോ ബാഗുകൾ നിർമിച്ച്‌ വിദ്യാർഥികൾ

 
.

കാലടി: ഫ്ലെക്സ് ബോർഡുകൾ ഇനി പരിസ്ഥിതിക്കു പ്രശ്നമാകില്ല. കാരണം വിദ്യാർഥികൾ ഇവ ഉപയോഗിച്ചു ഗ്രോ ബാഗുകൾ നിർമിച്ചു നൽകും. മാണിക്യമംഗലം എൻഎൻഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിലെ വിദ്യാർഥികളാണു പരിസ്ഥിതി പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ഗ്രോ ബാഗ് നിർമാണത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിനകം എഴുപതോളം ഗ്രോ ബാഗുകൾ നിർമിച്ചു വിദ്യാർഥികൾ അതിൽ ചെടികൾ നട്ടു.

മാണിക്യമംഗലം, കാലടി പ്രദേശത്തെ ഉപയോഗശൂന്യമായി കിടക്കുന്ന ഫ്ലെക്സ് ബോർഡുകളാണു വിദ്യാർഥികൾ ഇതിനായി ഉപയോഗപ്പെടുത്തിയത്. ഗ്രോ ബാഗുകൾ നിർമിക്കുന്നതിനു ശേഖരിച്ച ഫ്ലെക്സ് ബോർഡുകൾ സ്കൂളിൽ ഇനിയുമുണ്ട്. ക്ലാസുകൾ ഒഴിവുള്ള സമയങ്ങളിലും അവധി ദിനങ്ങളിലുമാണു വിദ്യാർഥികൾ ഗ്രോ ബാഗ് നിർമാണം നടത്തുന്നത്.

ഇതൊരു തുടർപ്രവർത്തനമായി ഏറ്റെടുത്തു കൂടുതൽ ഗ്രോ ബാഗുകൾ നിർമിക്കാനാണു വിദ്യാർഥികൾ ലക്ഷ്യമിടുന്നത്. പ്ലസ് ടു വിദ്യാർഥികളായ എം. വിനയ്, അക്ഷയ് സതീശൻ എന്നിവർ നേതൃത്വം നൽകി.