വൃദ്ധദമ്പതികളുടെ വീട് തകർന്നു വീണു

 

കാലടി: കനത്ത മഴയിൽ കാലടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പിരാരൂരിൽ താമസിക്കുന്ന പട്ടികജാതിയിൽപെട്ട വൃദ്ധദമ്പതികളായ വരിക്കുംപുറം വീട്ടിൽ കുട്ടപ്പന്റെയും കുട്ടിയുടെയും വീട് തകർന്നുവീണു. പഞ്ചായത്തിലെ ആശ്രയഗുണഭോക്താവായ കുട്ടി മാനസിക അസ്വാസ്ഥ്യമുള്ളയാളുകൂടിയാണ്.

30 വർഷങ്ങൾക്കുമുമ്പ് പി.ഡി.ഡി.പി. സെൻട്രൽ സൊസൈറ്റി സ്ഥാപകനായിരുന്ന ഫാ.ജോസഫ് മുട്ടുമന നിർമ്മിച്ചുകൊടുത്ത ഒറ്റമുറി പുരയിടമാണ് കനത്ത മഴയിൽ തകർന്നുവീണത്. പട്ടികകളും, ഓടും ദേഹത്ത് വീണപ്പോഴാണ് തങ്ങളുടെ വീട് തന്നെ തകർന്നുവീഴുകയാണെന്ന് ഈ വൃദ്ധ ദമ്പതികൾക്ക് മനസ്സിലായത്. ഉടൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയ പരുക്കുകളൊന്നും പറ്റിയില്ല.

8 വർഷം മുമ്പ് മേൽക്കൂര തകർന്നുവീണപ്പോൾ സി..പി.ഐ (എം) പ്രവർത്തകർ മേൽക്കൂര നിർമ്മിച്ചു നൽകിയിരുന്നു. ആകെയുള്ള 3 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീട് തകർന്നു വീണത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന കുട്ടി കഴിഞ്ഞ വർഷം മറ്റൂർ എയർപോർട്ട് റോഡിൽ അജ്ഞാതവാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സനടത്തിയിരുന്നു.

വീട് തകർന്നപ്പോൾ ഉടൻ കെ.എസ്.ഇ.ബി. ജീവനക്കാർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വൻ അപകടം ഒഴിവാക്കി. മറ്റൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. വാർഡ് മെമ്പർ സിജോ ചൊവ്വരാനും സന്നദ്ധ പ്രവർത്തകരും സ്ഥലം സന്ദർശിച്ച് തുടർസഹായങ്ങൾക്കുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. ഈ കുടുംബത്തെ അടിയന്തിരമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മെമ്പർ അറിയിച്ചു.
.