മറ്റൂർ – ചെമ്പിച്ചേരി റോഡിന് 3.5 കോടി അനുവദിച്ചു:റോജി എം ജോൺ എം.എൽ.എ

 

കാലടി:അങ്കമാലി മണ്ഡലത്തിലെ വിവിധ റോഡുകളുടെ റീ ടാറിംങിനായി 6.3 കോടിരൂപ അനുവദിച്ചതായി റോജി എം ജോൺ എം.എൽ.എ അറിയിച്ചു. മറ്റൂർ-ചെമ്പിച്ചേരി-കൈപ്പട്ടൂർ റോഡിന് 3.5 കോടി, വേങ്ങൂർ-നായത്തോട്-എയർപ്പോർട്ട് റോഡ് സ്ഥലം ഏറ്റെടുത്ത ഭാഗം വീതികൂട്ടി പണിയുന്നതിന്1.6 കോടി, മറ്റൂർ-എയർപ്പോർട്ട് റോഡിൽ നിരന്തരം കുഴികൾ രൂപപ്പെടുന്ന ഭാഗങ്ങളിൽ ടൈൽ വിരിക്കുന്നതിന് 90 ലക്ഷം, വേങ്ങൂർ-കിടങ്ങൂർ റോഡിന് 30 ലക്ഷം എന്നിവയാണ് ഇപ്പോൾ തുക അനുവദിക്കപ്പെട്ടിരിക്കുന്ന റോഡുകൾ.

അങ്കമാലി മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കണക്കിലെടുത്ത് റീ ടാറിംങിന് പ്രത്യേകമായിതുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ,എ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനുമായി ചർച്ച നടത്തിയിരുന്നു. ഇതെ തുടർന്ന് വിവിധ റോഡുകൾ ഉൾപ്പെടുത്തി 10 കോടിരുപയുടെ പ്രൊപ്പോസൽ സർക്കാരിൽ സമർപ്പിച്ചിരുന്നു. ഇത് ധനകാര്യവകുപ്പിന്റെ അംഗീകാരത്തിനായി അയക്കുകയും 6.3 കോടിരൂപയുടെ പ്രവർത്തികൾക്ക് അനുവാദം ലഭിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം നേരത്തെ തുക അനുവദിക്കപ്പെട്ടിരിക്കുന്ന മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡ്, കറുകുറ്റി-പാലിശ്ശേരി-ഏഴാറ്റുമുഖം റോഡ്, മരോട്ടിച്ചോട്-തുറവൂർ റോഡ് എന്നിവയുടെ അടിയന്തിര അറ്റകുറ്റപണികൾ ഉടൻ നടത്തുവാൻ എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

മറ്റൂർ ചെമ്പിച്ചേരി റോഡിന് 3.5 കോടിരൂപ അനുവദിക്കുക വഴി കാലടി പ്രദേശത്തിന്റെ ദീർഘനാളായ ആവശ്യം യാഥാർത്ഥ്യമാകുകയാണ്. ഈ റോഡ് പൂർത്തീകരിക്കാൻ കഴിഞ്ഞാൽ കാലടിയിലെ ഗതാഗത പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും.