കോതായിത്തോട് പാലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും :റോജി എം ജോൺ

.

അങ്കമാലി:മഞ്ഞപ്ര പഞ്ചായത്തിെനയും, അയ്യമ്പുഴ പഞ്ചായത്തിെനയും തമ്മിൽ ബന്ധിപ്പിക്കുന്ന കോതായിത്തോട് പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് റോജി എം ജോൺ എം.എൽ.എ പറഞ്ഞു. പാലം നിർമ്മിക്കുവാൻ ആവശ്യമായ സ്ഥലം നെൽവയൽ സംരക്ഷണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിത്തരണം എന്ന് ആവശ്യപ്പെട്ട് എം.എൽ.എ യുടെ നിർദ്ദേശപ്രകാരം എക്‌സിക്യൂട്ടിവ് എഞ്ചിനീയർ സർക്കാരിൽ അപേക്ഷ സമർപ്പിച്ചിരുന്നു.ഇത് ലഭ്യമാകുകയും ചെയ്തിട്ടുണ്ട്‌,ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുവാനും തീരുമാനമായി

കാലപ്പഴക്കം ചെന്ന കോതായിത്തോട് പാലം പുതുക്കിപ്പണിയുന്നതിന് 3.75 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ മൂലം തുടർ നടപടികൾ എങ്ങുമെത്തിയില്ലായിരുന്നു.അടിയന്തിരമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ ലാന്റ് അക്വിസിഷൻ തഹസിൽദാർക്ക് നിർദ്ദേശം നൽകിയതായും എത്രയും വേഗം ഇത് പൂർത്തികരിച്ച് പാലം നിർമ്മാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു