പോസ്റ്റോഫീസുകൾ പൂട്ടിയിട്ട് ജീവനക്കാർ സമരം ചെയ്തതിന് പിഴ ഒടുക്കേണ്ടി വരുന്നത് സാധാരണ ജനം

കാലടി:  പോസ്റ്റോഫീസുകൾ പൂട്ടിയിട്ട് ജീവനക്കാർ സമരം ചെയ്തതിന് പിഴ ഒടുക്കേണ്ടി വരുന്നത് സാധാരണ ജനം. പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് പോലുള്ളവയുടെ മെയ് മാസത്തെ പ്രീമിയം മുടക്കു വരുത്തിയെന്നു പറഞ്ഞാണ് ഫൈൻ ഈടാക്കുന്നത്. സാധാരണയായി മാസങ്ങളിൽ ഇരുപത് മുപ്പത് തീയതിയ്ക്കിടയിലാണ്  പ്രീമിയം തുകകൾ അടയക്കാറുള്ളത്.

എന്നാൽ ഇക്കുറി പോസ്റ്റ് ഓഫീസ് അടച്ചിട്ട് അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരം ആയതിനാൽ ജീവനക്കാർ പൈസ സ്വീകരിച്ചില്ല.  സമരം കഴിഞ്ഞ് ജൂൺ ആദ്യം മെയ് മാസത്തെ പണം അടയ്ക്കാൻ ചെന്നപ്പോഴാണ് ഫൈൻ അടയ്ക്കണം എന്ന് ജീവനക്കാർ ആവശ്യപ്പെട്ടത്. ജീവനക്കാർ പണം സ്വീകരിക്കാത്തതിന് ഞങ്ങൾ ഫൈനടയ്ക്കുന്നതെന്തിന് എന്നു ചോദിക്കുമ്പോൾ മുകളിൽ നിന്നു കിട്ടിയ നിർദ്ദേശം ഫൈൻ ഈടാക്കണം എന്നാണ് സമരം നടത്തിയവർ പറയുന്നത് .

മുകളിലോട്ട് വിളിച്ചു ചോദിക്കുമ്പോൾ നിയമം അങ്ങനെയാണ് പണം അടയ്ക്കാൻ വൈകിയാൽ ഫൈൻ അടച്ചേ മതിയാകൂ എന്ന മറുപടിയാണ് ലഭിക്കുന്നത്. സമരം മൂലം കത്തുകളും മണിയോർഡറുകളും വൈകിയതിനാൽ നിങ്ങൾ നഷ്ടം തരുമോ എന്ന ചോദ്യത്തിന് വിഢിച്ചിരിയാണ് ഉത്തരം. ജിവനക്കാർ സമരം നടത്തിയപ്പോൾ ഇത്തരത്തിലുള്ള ഫൈൻ ഈടാക്കലിലൂടെ ലക്ഷങ്ങളാണ് ഡിപ്പാർട്ട് മെന്റിന് ലാഭം .