നൂറാം വയസ്സിന്റെ നിറവിലാണ് അന്നം കുട്ടിയമ്മ

 
.

ശ്രീമൂലനഗരം : നൂറാം വയസ്സിന്റെ നിറവിലാണ് അന്നം കുട്ടിയമ്മ.വെള്ളാരപ്പിള്ളി തൃക്കണിക്കാവ് പുളിക്ക വീട്ടിൽ അന്നം ജീവിതത്തിന്റെ ഒരു ശതാബ്ദം പിന്നിടുമ്പോഴും കർമനിരതയാണ്. സാമൂഹിക പ്രവർത്തനവും കോൺഗ്രസ് രാഷ്ട്രീയവുമൊക്കെ അന്നംകുട്ടിയമ്മയിൽ ഇന്നും സജീവമാണ്.

വാർധക്യത്തിന്റെ അസ്വസ്ഥകൾ അവരെ അലട്ടുന്നില്ല.ഇളയമകൻ കുര്യന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷ വേളയിൽ സിറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ അന്നംകുട്ടിയമ്മയെ ആദരിച്ചു. അൻവർ സാദത്ത് എംഎൽഎ, വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോൺ പൊള്ളെച്ചിറ എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേർ ആശംസകൾ അർപ്പിക്കാനെത്തി.

കഴിഞ്ഞ വർഷം നൂറിന്റെ പടിപ്പുരയിൽ നിൽക്കെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ശ്രീമൂലനഗരത്തു നടന്ന കോൺഗ്രസിന്റെ കുടുംബ സംഗമത്തിൽ ഉമ്മൻ ചാണ്ടി അന്നംകുട്ടിയമ്മയെ ആദരിക്കുകയും ജന്മദിന കേക്ക് മുറിക്കുകയും ചെയ്തു. മക്കളും പേരമക്കളും അവരുടെ മക്കളും എല്ലാം അടങ്ങുന്ന വിവിധ തലമുറകളിലെ അംഗങ്ങൾ അന്നംകുട്ടിക്കൊപ്പമുണ്ട്. എല്ലാവരും കൂടുമ്പോൾ കാലങ്ങൾ കടക്കുന്ന ഒട്ടറെ കഥകൾ ഓർമകൾ മറയാതെ അന്നംകുട്ടിയമ്മ പറയാറുണ്ട്.

ഭർത്താവ് വർക്കി 45 വർഷം മുൻപു മരിച്ചു. അതിനു ശേഷം കുടുംബത്തിന്റെ ഭാരം മുഴുവൻ അന്നംകുട്ടിയമ്മയിലായിരുന്നു. ആറുമക്കളാണു അവർക്കുള്ളത്. മൂന്ന് ആണും മൂന്നു പെണ്ണും. 1918ൽ കൂരേലി തോമായുടെയും റോസയുടെയും അഞ്ചാമത്തെ പുത്രിയായാണ് അന്നത്തിന്റെ ജനനം. അന്നത്തിനൊപ്പം ജനിച്ചവരും വളർന്നവരും മിക്കവരും ഇന്നില്ല.