മാലിന്യ നിർമ്മാർജ്ജന പദ്ധതിയുമായി മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത്‌

.

മലയാറ്റൂർ:മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കി മണ്ണും ജലസ്രോതസ്സുകളും സംരക്ഷിക്കുവാനും, അതുവഴി പകർച്ച വ്യാധികളെ തടഞ്ഞ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന യജ്ഞം ‘സമാനിയ-2018’ എന്ന പേരിൽ ഒരു ബൃഹത് കർമ്മ പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് രൂപം നൽകിയിരിക്കുന്നു. ഉപയോഗ്യശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പല വസ്തുക്കളും യഥാസമയത്ത് എത്തേണ്ട സ്ഥലത്ത് എത്തിച്ചാൽ അവയെ വീണ്ടും ഉപയോഗ്യമായ മറ്റു വസ്തുക്കളാക്കി മാറ്റാനാകും.

ഇത് ജനങ്ങളിലെത്തിക്കാനും ജൈവാവശിഷ്ടങ്ങളെ ജൈവവളമാക്കി മാറ്റി വീടുകളിലെ ആവശ്യത്തിനുള്ള ജൈവപച്ചക്കറി ഉല്പാദിപ്പിച്ചെടുക്കാനും ഉതകുന്നൊരു കാർഷിക സംസ്‌കാരം വളർത്തിയെടുക്കാനുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഈ പദ്ധതിക്ക് തുടക്കമാകും.

വീടുകളിൽ മാലിന്യം തരംതിരിച്ച് ശേഖരിക്കാനുള്ള 3 ചാക്കുകൾ വീതം നൽകും. അജൈവമാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് പുനരുപയോഗ്യസാധ്യമായവ സംസ്‌കരണശാലയിലേക്ക് എത്തിക്കുകയുമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. അന്നേ ദിവസം തന്നെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിർ എല്ലായിടത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി പറഞ്ഞു.