തോടുകളിലും കനാലുകളിലും മാലിന്യങ്ങൾ നിറയുന്നു:നാട്ടുകാർ ദുരിതത്തിൽ

 
.

കാലടി: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ തോടുകളും കനാലുകളും നന്നാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാനകളും കനാലുകളും പുല്ലും കാടും പിടിച്ച് മാലിന്യങ്ങൾ നിറഞ്ഞും വൃത്തിഹീനമായി കിടക്കുകയാണ്. മാലിന്യങ്ങൾ മൂലം ദുർഗന്ധം വമിക്കുകയും ഈച്ചകളും കൊതുകുകളും പെറ്റ് പെരുകുകയും ചെയ്യുന്നു.

മഴ പെയ്താൽ കാനകളിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള തടസ്സം മൂലം ഓടകളിലെ ചെളിയും മാലിന്യങ്ങളും റോഡിലേക്ക് ഒഴുകി യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല സ്ഥലങ്ങളിലും കാനകൾ ചെളികൾ വന്ന് മൂടിയ നിലയിലാണ്. കൊറ്റമം മുതൽ കാടപ്പാറ വരെയുള്ള റോഡിന്റ ഇരുവശത്തേയും കാനകളും,കനാലുകളും ഒരാൾ പൊക്കത്തിൽ കാട് പിടിച്ച് കിടക്കുകയാണ്.കാനയാണോ എന്നു പോലും തിരിച്ച് അറിയാൻ പറ്റാത്ത വിധത്തിലാണ്.

കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും പതിവാണ്. ഈ മാലിന്യങ്ങൾ തെരുവുനായ്ക്കളും പക്ഷികളും കൊത്തി വിലിച്ചിട്ട് കുടിവെള്ള സ്രോതസ്സുകളും മലിനമാക്കുന്നു. ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അധികൃതർ അടിയന്തിരമായി ഇത്തരം കാര്യങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.ഡി സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, മണി തൊട്ടിപ്പറമ്പിൽ, ഡെന്നിസ് കന്നപ്പിള്ളി, രാജു എം.പി, സെബാസ്റ്റ്യൻ ഇലവംകുടി, വിഷ്ണു വെള്ളിയാംകുളം, ഷാജി കിടങ്ങേൻ എന്നിവർ ആവശ്യപ്പെട്ടു.