മൂന്നുപേർക്ക് സംസ്‌കൃത സർവകലാശാല ഡി-ലിറ്റ് ബിരുദം നൽകും

 

കാലടി: വിവിധ മേഖലകളിൽ പ്രശസ്തി കൈവരിച്ച മൂന്നുപേർക്ക് അവരുടെ സമഗ്ര സംഭാവനകളെ കണക്കിലെടുത്ത് ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കുവാൻ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. കഥകളി കലാകാരനായ പത്മശ്രീ കലാമണ്ഡലം ഗോപി, സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. എം.കെ.സാനു, സംസ്‌കൃത പണ്ഡിതനും നിരൂപകനുമായ പ്രൊഫ. എൻ. വി. പി. ഉണിത്തിരി എന്നിവരെയാണ് ഡി-ലിറ്റ് ബിരുദം നൽകി ആദരിക്കുന്നത്‌

കഥകളി നടന രംഗത്ത് നാല് ദശാബ്ദത്തിലധികമായി കർമ്മനിരതനും കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പാളുമാണ് പത്മശ്രീ കലാമണ്ഡലം ഗോപി. മലയാള സാഹിത്യ നിരൂപണ രംഗത്ത് എഴുത്തച്ഛൻ പുരസ്‌കാരമടക്കം നേടി നിറസാന്നിദ്ധ്യമായി വർത്തിക്കുന്ന പ്രശസ്ത അധ്യാപകനാണ് മുൻ എം എൽ എ കൂടിയായ എം.കെ.സാനു.

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പ്രഥമ പ്രിൻസിപ്പൽ ഡീനും കോഴിക്കോട് സർവകലാശാല സംസ്‌കൃത വിഭാഗത്തിന്റെ അധ്യക്ഷനുമായിരുന്നു എൻ.വി.പി.ഉണിത്തിരി.