മരോട്ടിച്ചുവട് ആനപ്പാറ റോഡ് തകർന്നു:യാത്രക്കാർ ദുരിതത്തിൽ

 

കാലടി: മരോട്ടിച്ചുവട് ആനപ്പാറ പിഡബ്ലുഡി റോഡ് തകർന്ന്‌ സഞ്ചാര യോഗ്യമല്ലാതായി. മരോട്ടിച്ചുവട് മുതൽ വട്ടപ്പറമ്പ് വരെയുള്ള റോഡാണ് തകർന്നിട്ടുള്ളത്.റോഡ് നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് റോഡ് നിർമ്മാണം അനിശ്ചിതമായി നീണ്ട് പോകുന്നതെന്ന ആരോപണം നിലവിലുണ്ട്.

ശ്രീശങ്കരകോളജ്,ആദിശങ്കര എൻജിനിയറിങ്ങ് കേളേജ്, ശ്രീശാരദ വിദ്യാലയം,മാണിക്കമംഗലം എൻ എസ്എസ്‌ സ്‌കൂൾ എന്നിവിടങ്ങളിലേക്കും,നിരവധി വ്യവസായസ്ഥാപനങ്ങളിലെക്കും യാത്രക്കാർ പോകുന്ന റോഡാണിത്. തകർന്ന റോഡിൽ മഴ ആരംഭിച്ചതോടെ വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങി. കാൽ നടയാത്രക്കാർ ഇതുമൂലം ദുരിതത്തിലായിരിക്കുകയാണ്.

നൂറ് കണക്കിന് ടിപ്പർ ലോറികളും ടോറസ്സും വ്യവസായ മേഖലയിലേക്ക് ടൺ കണക്കിന് ഭാരം കയറ്റിവരുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി.ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് റോഡ് നിർമ്മാണം അതിവേഗത്തിൽ നടപ്പിലാക്കണമെന്ന് വട്ടപ്പറമ്പ് സൗത്ത് സി പി ഐ(എം) ബ്രാഞ്ച് സെക്രട്ടറി അനൂപ് എം കുഞ്ചുവും മറ്റൂർ ലോക്കൽ സെക്രട്ടറി പി കെ കുഞ്ഞപ്പനും ആവശ്യപ്പെട്ടു.