അങ്കമാലിയിൽ ആ​ൺ​കു​ഞ്ഞി​നെ കു​ഴി​ച്ചു മൂ​ടി

 

അങ്കമാലി: അങ്കമാലി പൊലിസ് സ്റ്റേഷനോട് ചേർന്ന് ആളൊഴിഞ്ഞ് കാടു പിടിച്ചു കിടക്കുന്ന സ്ഥലത്ത് 3 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കുഴിച്ചു മൂടി. ഞായറാഴ്ച്ചഉച്ചക്ക് ഒന്നരയോടെ കുഞ്ഞിനെ ഭർ‌ത്താവ് മണികണ്ഠൻ(32) കൊലപ്പെടുത്തിയശേഷം കുഴിച്ചുമൂടിയെന്ന് കുഞ്ഞിന്‍റെ അമ്മ സുധ (27) സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലിസ്  മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന് മുലപ്പാൽ‌ കൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടി മരിച്ചതാണെന്നാണ് മണികണ്ഠൻ പൊലിസിനോട് പറഞ്ഞത്. ഇരുവരും പൊലിസ് കസ്റ്റഡിയിലാണ്.

ശനിയാഴ്ച്ച രാത്രിയി 11 മണിയോടെ കുഞ്ഞിന് പാൽകൊടുക്കുന്നതിനിടയിൽ ശ്വാസംമുട്ടിയെന്നും മണികണ്ഠൻ മദ്യപിച്ച് അബോധവസ്ഥയിലായതിനാൽ ആശുപത്രിയിൽകൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും അങ്ങനെ കുഞ്ഞ് മരിക്കുകയായിരുന്നെന്നും യുവതി പിന്നീട് പറഞ്ഞു. കുഞ്ഞ് മരിച്ചെന്ന് മനസിലായതോടെ കൈകൊണ്ട് കുഴിയെടുത്ത് കുഴിച്ചിടുകയായിരുന്നു എന്നാണ് മൊഴി.

മദ്യലഹരിലായിരുന്ന ഇരുവരും പൊലിസിന്‍റെ ചോദ്യം ചെയ്യലിൽ പര്സ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നതിനാൽ ഇവർ പറയുന്നത് പൊലിസ് മുഖവിലക്കെടുത്തിട്ടില്ല. നാടോടി ജീവിതം നയിക്കുന്ന ഇവർ സ്വർണ്ണ പണി നടക്കുന്ന സ്ഥാപനങ്ങളിൽനിന്നും പുറത്ത് കളയുന്ന മണ്ണ് അരിക്കുന്ന തൊഴിലാണ് ചെയ്യുന്നത്. തമിഴും മലയാളവും സംസാരിക്കുന്ന മണികണ്ഠൻ പാലക്കാട് സ്വദേശിയും സുധ തമിഴ്നാട് സേലം സ്വദേശിയുമാണ്.

എസ്പി രാഹുൽ ആർ. നായർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രതികൾ ലഹരിയിലായതിനാലും പര്സപര വിരുദ്ധമായി സംസാരിക്കുന്നതിനാലും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി കൂടുതൽ അന്വേഷണം നടത്തിയാലെ കൃത്യമായ വിവരം പറയാനാകു എന്ന് അദ്ദേഹം പറഞ്ഞു. യുവതിയേയും യുവാവിനെയും വൈദ്യ പരിശോധനക്കി വിധേയമാക്കി.

ആർഡിഒ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അങ്കമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തും. ഫൊറൻസിക്, ഫിംഗർ പ്രിന്‍റ് പരിശോധന വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. അങ്കമാലി നഗരസഭ അധ്യക്ഷ എം.എ. ഗ്രേസി, വാർഡ് കൗൺസിലർ ബിജു പൗലോസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു