പ്ലൈവുഡ് കമ്പനിയുടെ പ്രവർത്തനം : പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

 

അങ്കമാലി: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളവഴിതോടിന് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ സമീപവാസികളും, നാട്ടുകാരും പഞ്ചായത്ത്  സെക്രട്ടറിയെ ഉപരോധിച്ചു.വർഷങ്ങൾക്ക് മുൻപ് കമ്പനിക്കെതിരെ പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്.

ആറ് വർഷം മുൻമ്പ് കണ്ണാടി ഫ്രെയിം നിർമ്മാണം എന്ന ലേബലിൽ പ്രവർത്തനം ആരംഭിക്കുകയും തുടർന്ന് ഇതിന്റെ മറവിൽ യാതൊരു രേഖകളും ഇല്ലാതെ പ്ലൈവുഡ് നിർമ്മാണം പ്രവർത്തിക്കുന്നത്. ഫോർമാൽഡിഹൈഡ് എന്ന വിഷപദ്ധാർഥം ഉപയോഗിച്ച് ഉണ്ടാക്കുന്ന പശയിൽ നിന്നും പരത്തുന്ന വിഷവാതകം ജനങ്ങളിലും, ജീവ ജാലങ്ങളിലും അപകടം സൃഷ്ടിക്കുന്നു. മാരകമായ കാൻസർ രോഗം ഇത് മൂലം പരക്കുന്നതായി പഠന റിപ്പോർട്ട് ഉണ്ട്.

കമ്പനിയിൽ നിന്നും തള്ളുന്ന മലിനജലം മുല്ലശ്ശേരി തോടും, സമീപത്തെ കിണറുകളും മലിനമാക്കുന്നു. കമ്പനിയിൽ നിന്നുള്ള പൊടിശല്യം ശ്വാസകോസ സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കുന്നു. മെഷീൻ പ്രവർത്തിക്കുന്നതിന് അമിതമായി ഉപയോഗിക്കുന്ന ഡീസൽ മൂലമുള്ള പുക ചുമയും, ആസ്മയും പരത്തുന്നു.കൂടാതെ കമ്പനിയിൽ നിന്നും പുറം തള്ളുന്ന കറുത്ത പുകയും, കരിയും പരിസരമാകെ മലിനമാക്കുന്നു.

പഞ്ചായത്ത് ലൈസൻസ്, പെർമിറ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റ്, അഗ്നിശമന വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് സമീപവാസികൾ ആരോപിച്ചു.കമ്പനിക്കെതിരെ വിവിധ വകുപ്പ് മേധാവികൾക്കും പരാതി നൽകിയിട്ടുണ്ട്.നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരപരിപാടി സമരസമിതി സംഘടിപ്പിക്കും.

പഞ്ചായത്തംഗങ്ങളായ ടി.ടി പൗലോസ്, ജിന്റോ വർഗീസ് , വിൻസി ജോയി , സഞ്ചയ് ജോൺ , ബാബു ആന്റണി, ജോസ് പാറേക്കാട്ടിൽ , പി.യാക്കോബ് , ജിയോ പാറേക്കാട്ടിൽ, നോബി തോമസ്, ജിയോ പോൾ, ഏല്യമ്മ പോൾ എന്നിവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.