അത്താണി കുറുന്തിലത്തോട്ടിൽ കണ്ടെത്തിയ മൃതദേഹം കൊലപാതകമാണെന്ന് സൂചന

 

നെടുമ്പാശേരി: അത്താണി കുറുന്തിലത്തോട്ടിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പറവൂത്തറ കുമാരമംഗലം ഈരയിൽ ദാസന്‍റെ (62) താണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ മരണം കൊലപാതകമാണെന്ന് സൂചന. സംഭവത്തിൽ ചോദ്യം ചെയ്യാനായി ദാസന്റെ സുഹൃത്തുക്കളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 21 നാണ് ദാസനെ കാണാതായത്. കാണാതാകുമ്പോൾ ധരിച്ചിരുന്ന ഷർട്ടും മുണ്ടും തന്നെയായിരുന്നു മൃതദേഹം കണ്ടെടുത്തപ്പോഴും. ദാസന്‍റെ രണ്ട് പല്ല് നേരത്തെ നഷ്ടപ്പെട്ടിരുന്നതും തിരിച്ചറിയാൻ സഹായകമായി. ദാസന്‍റെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ട് പവന്‍റെ സ്വർണമാല നഷ്ടപ്പെട്ടിട്ടുണ്ട്.

കാണാതായ ദിവസം ഉച്ചയ്ക്ക് ശേഷം ദാസൻ ഒരു യുവാവിന്‍റെ ബൈക്കിന്‍റെ പിന്നിലിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം പറവൂർ, മാഞ്ഞാലി ഭാഗങ്ങളിലുള്ള സി.സി ടി.വി കാമറകളിൽ നിന്നും ലഭിച്ചിരുന്നു. കൂടാതെ അത്താണി ഭാഗത്തെ മൊബൈൽ ടവർ പരിധിയിൽ പൊലീസ് കസ്റ്റഡിയിലുള്ളവർ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

ഇതേത്തുടർന്ന് ഇയാളെ അന്ന് പൊലീസ് ചോദ്യം ചെയ്തെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പിന്നീട് പൊലീസ് വിളിച്ചപ്പോൾ അസുഖബാധിതനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഒരാഴ്ചയോളം ആശുപത്രിയിലും കിടന്നു. മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്.