ബാരിക്കേഡ് അഴിച്ചു മാറ്റാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു

കാലടി: ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് എയർപോർട്ട് റോഡിലും മറ്റു പ്രദേശങ്ങളിലും സുരക്ഷ മുൻനിർത്തി റോഡിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡ് അഴിച്ചു മാറ്റാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഉപരാഷ്ട്രപതിയുടെ സുരക്ഷക്കായി കഴിഞ്ഞ ശനിയാഴ്ചയാണ് റോഡിന്‍റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ നിർമിച്ചത്.

തിങ്കളാഴ്ചയാണ് ഉപരാഷ്ട്രപതി കാലടിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തത്. ഉപരാഷ്ട്രപതി പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും ബാരിക്കേഡുകൾ മാറ്റിയിട്ടില്ല. അപകട വളവായ പിരാരൂർ വളവിൽ ആളുകൾക്ക് നടന്നു പോകുവാനോ ബസ് കാത്തുനിൽക്കാനോ സാധിക്കുന്നില്ല. ബാരിക്കേഡ് റോഡിലേക്ക് കേറ്റിയാണ് നിർമിച്ചിരിക്കുന്നത്.

ചെറിയ വാഹനങ്ങൾ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ അപകടം പതിവായി. തടസ്സം നിൽക്കുന്ന ബാരിക്കേഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.