മണ്ണില്ലാതെ വീടിനുള്ളിൽ കൃഷി ഒരുക്കാൻ വെർട്ടിക്കൽ പ്രോഫാം

 

അങ്കമാലി: വീടിനുള്ളിൽ മണ്ണില്ലാതെ കൃഷി ഒരുക്കാൻ സാധിക്കുന്ന പുത്തൻ സംരംഭം അവതരിപ്പിച്ചു വിജയ ഗാഥാ തീർത്തിതിരിക്കുകയാണ് ഫിസാറ്റ് വിദ്യാർഥികൾ. ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റഷൻ അവസാന വർഷ വിദ്യാർഥികളാണ് ഈ പുത്തൻ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത് .

വീടിനുള്ളിലെ മുറിക്കുള്ളിൽ സൂര്യ പ്രകാശം നേരിട്ട് ചെടിയിൽ അടിക്കാതെ തന്നെ കുട്ടികൾ രൂപകല്പന ചെയ്ത പിങ്ക് ലൈറ്റിന്‍റെ സഹായത്തോടെ ഏതു പച്ചക്കറിയും നല്ലതോതിൽ വിളയിച്ചെടുക്കാൻ സാധിക്കും. ഇവരുടെ സംഭരംഭത്തിൽ ശീതകാല പച്ചക്കറികളും കൃഷി ചെയ്യാം. ചെടി വളരുന്നതിന് മണ്ണ് ഉപയോഗിക്കുന്നതിന് പകരം ചകിരി നാരുകൾ ഉപയോഗിച്ചാൽ മതി. അക്വാ പോണിക്സ് , ഹൈഡ്രോപോണിക്സ് എന്നീ ടെക്നോളോജികൾ സംയോജിപ്പിച്ചാണ് ഈ മാതൃക വികസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇതിന് ആവശ്യമായ വെള്ളം ഇവർ രൂപകല്പന ചെയ്തിരിക്കുന്ന വെർട്ടിക്കൽ പ്രോഫാം എന്ന ഉപകരണത്തിൽ ആവശ്യത്തിന് അനുസരിച്ചു വരുന്നതിന് വേണ്ട സജീകരണവും വരുത്തിയിട്ടുണ്ട്.

മുറിയുടെ വലിപ്പം അനുസരിച്ചു അലങ്കാര ചെടികൾ വയ്ക്കുന്നതുപോലെ പച്ചക്കറികൾ നമുക്ക് നട്ടുവളർത്താം. ഏതു പച്ചക്കറിയും ആവശ്യാനുസരണം വിളയിച്ചെടുക്കാൻ കഴിയും എന്നുള്ളതാണ് ഇതിന്‍റെ വിജയം. കൂടാതെ പത്തു അടുക്കുകൾ ഉള്ള ഒരു ഉപകരണം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമ്പോൾ വീടുകളിൽ വയ്ക്കുന്നതിന് മുവായിരും രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളു.

സ്ഥല പരിമിതി മൂലം നഗര പ്രദേശങ്ങളിൽ ടെറസ്സ് കൃഷി ചെയ്യുന്നതിന് വരുന്ന ചിലവിൻറെ അഞ്ചു ശതമാനം ചെലവ് മാത്രമേ ഇതിനു വരുകയുള്ളു. കൂടാതെ കുട്ടികൾക്ക് വീടിനുള്ളിൽ തന്നെ കൃഷി ചെയ്യുന്നതിനാൽ കൃഷിയോടുള്ള അഭിരുചി വളർത്തുന്നതിന് ഇതു വഴി സാധിക്കും. പത്തു റാക്കുള്ള ഒരു ഉപകരണത്തിൽ നിന്നും ഇരുപത്തിയഞ്ചു കിലോയിലധികം പച്ചകറികൾ ഒരു വിളവെടുപ്പിൽ തന്നെ ഉൽപാദിപ്പിക്കാം. വീട്ടിൽ നിന്ന് ആളുകൾ ഒരാഴ്ച മാറിനിന്നാൽ പോലും ചെടികൾക്ക് ഒന്നും സംഭവിക്കാത്ത വിധത്തിൽ ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്ന മൊബൈൽ ആപ്പിൽ നിന്നും ചെടികൾക്കാവശ്യമായ വളർച്ചയും പരിചരണവും നിരീക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും.

നൂതന സാധ്യതകൾ ആയ ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് എന്നിവയിൽ അധിഷ്ഠിതമാക്കിയാണ് ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത്.ദേശിയ അന്തർദേശിയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നെടിയ ഈ പദ്ധതി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ,ടെക്നോളജി ആൻഡ് എൻവിയോൺമെന്‍റ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി വികസിപ്പിച്ചെടുത്തത് . ഇതിനോടകം തന്നെ വിവിധ വീടുകളിൽ ഈ സംരംഭം തുടങ്ങുന്നതിന് നിരവധി ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു.

ഇൻസ്ട്രുമെന്‍റഷൻ എൻ‌ജിനിയറിങ്ങ് അവസാന വർഷ വിദ്യാർഥികളായ കെ.കെ. ശരത് , ഇജാസ് മുഹമ്മദ് , ആഷിൻ സാജൻ ,യു. അരുൺ , ജോർജ് തോമസ് , ഇ .ആരതി , ഡിറ്റോ പോൾ, മോണിക്ക ക്ലെയർ തുടങ്ങിയവരാണ് നിർമാതാക്കൾ. അധ്യപകരായ പി. ശ്രീവിദ്യ , ബീനു റിജു , അനിൽ ജോണി എന്നിവരാണ് നേതൃത്വം നൽകിയത്. അന്തർദേശിയ തലത്തിൽ ബഹുരാഷ്ട്ര കമ്പനികളായ നാഷണൽ ഇൻസ്ട്രുമെന്‍റസ് , ക്യുസ്റ്റ് ഗ്ലോബൽ എന്നിവ നടത്തുന്ന ഇന്നൊവേറ്റീവ് പ്രോജെക്റ്റ് മത്സരത്തിൽ സെമിഫൈനൽ ലെവലിൽ എത്തി നിൽക്കുകയാണ് ഇവർ.

ചെയർമാൻ പോൾ മുണ്ടാടൻ , പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, അക്കാദമിക് ഡയറക്ടർ ഡോ. കെ.എസ്.എം. പണിക്കർ, ഡീൻ ഡോ സണ്ണി കുര്യാക്കോസ്, ഇൻസ്ട്രുമെന്‍റേഷൻ എൻജിനിയറിങ്ങ് വിഭാഗം മേധാവി പ്രൊഫ. സുന്ദർ രാജൻ തുടങ്ങിയവർ വിദ്യാർഥികളുടെ ഈ നേട്ടത്തെ അഭിനന്ദിച്ചു.