ലക്ഷങ്ങൾ ചിലവാക്കി റോഡ് ടാർ ചെയ്തു:ദിവസങ്ങൾക്കകം തകർന്നു

 

കാലടി: നിർമാണം പൂർത്തിയായി ദിവസങ്ങൾക്കകം ജലവിതരണ പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടു. മറ്റൂർ ശ്രീ ശങ്കര കോളേജ് റോഡിലാണ് കുഴി രൂപപ്പെട്ട് വെള്ളം പാഴാകുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ശോചനീയമായി കിടന്ന കോളേജ് റോഡ് ആധുനിക രൂപത്തിൽ ടാർ ചെയ്തത്. എംസി റോഡിൽ നിന്നും റോഡിലേക്ക് കയറുന്ന ഭാഗത്ത് കുഴി രൂപപ്പെട്ടിരിക്കുകയാണ്.

മാസങ്ങളായി റോഡ് ശോചനീയമായി കിടക്കുകയായിരുന്നു. ശ്രീശങ്കര കോളേജ്, ശ്രീ ശാരദ വിദ്യാലയം, ആദിശങ്കര എൻജിനിയറിങ്ങ് കോളേജ് എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾ പോകുന്നത് ഈ റോഡിലൂടെയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ പോകുന്നതും. റോഡിന്‍റെ തീർത്തും ഗതാഗതയോഗ്യമല്ലാതായപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് റോഡ് ആധുനിക രൂപത്തിൽ ടാർ ചെയ്യുന്നതിന് ആദിശങ്കര റോഡിനും ശ്രീശങ്കര റോഡിനുമായി27 ലക്ഷം രൂപ അനുവദിച്ചു.

അതിൽ‌ 16  ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച റോഡാണിത്. ഉപരാഷ്ട്ര പതിയുടെ സന്ദർശനത്തെ തുടർന്ന് തട്ടി കൂട്ടിയാണ് റോഡ് ടാറിങ്ങ് നടത്തിയിരിക്കുന്നതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഇനി പുതിയ ടാറിങ്ങ് പൊളിച്ചു വേണം പൈപ്പ് പൊട്ടിയത് ശരി‍യാക്കി വെള്ളം പോകുന്നത് നിർത്താൻ. നിലവാരമില്ലാത്ത റോഡു പണിക്കെതിരെയും അടിക്കടിയുള്ള പൈപ്പുപൊട്ടലിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.