ജീവന് പുല്ല് വില: പറമ്പയം യൂടേണില്‍ അധ്യാപകന്‍റെ ഒറ്റയാള്‍ സമരം

നെടുമ്പാശ്ശേരി: അപകട മരണം പതിവായ ദേശീയപാതയിലെ പറമ്പയം യൂടേണില്‍ ആവശ്യമായ സുരക്ഷസംവിധാനമാവശ്യപ്പെട്ട് അധ്യാപകന്‍റെ ഒറ്റയാള്‍ സമരം. യൂടേണില്‍ അപകടങ്ങളും , അപകട മരണങ്ങളും തുടർച്ചയായതോടെയാണ് ഇദ്ദേഹം ഇത്തരമൊരു സമരത്തിന് മുതിർന്നത്. ചെങ്ങമനാട് പറമ്പയം സ്വദേശിയും ചേര്‍ത്തല ഉഴുവ ഗവ. യുപി സ്കൂള്‍ സംസ്കൃത അധ്യാപകനുമായ ഡോ.വി.എ. വിനോവിനാണ് യുടേണിലെ മീഡിയനില്‍ പ്ളക്കാര്‍ഡുമായി വേറിട്ട സമരം സംഘടിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശിനിയായ വീട്ടമ്മ പറമ്പയം യുടേണില്‍ കാറിടിച്ച് മരിച്ചിരുന്നു. ഭര്‍ത്താവ് ബാലകൃഷ്ണന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 16ഓളം പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചതായാണ് കണക്ക്. നിരവധി അപകടങ്ങൾ വേറെയും.

എല്ലാദിവസവും യു ടേൺ എടുത്ത് യാത്രചെയ്യുന്നയാളാണ് ഡോ. വിനോവിൻ.വയോജനങ്ങള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞുങ്ങളുമായത്തെുന്ന വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ള നാട്ടുകാരും ദേശീയപാത മുറിച്ച് കടക്കാന്‍ പറമ്പയം യുടേണില്‍ ക്ളേശിക്കുന്നത് നിത്യകാഴ്ചയാണെന്നും, അതിനാല്‍ അപകട രഹിതമായി യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സുരക്ഷ സംവിധാനം ഒരുക്കണമെന്നും വാഹനങ്ങൾ‌ക്ക് സുരക്ഷിതമായ തിരിയുന്നതിന് ആവശ്യമായ മുൻകരുതൽ ഏർ‌പ്പെടുത്തണമെന്നും വിനോവിൻ പറയുന്നു.

നൂറ് കണക്കിന് വാഹനങ്ങളും, കാല്‍നടയാത്രക്കാരുമാണ് നിത്യവും നെടുവന്നൂര്‍ ഭാഗത്തേക്ക് വരുകയും, പോവുകയും ചെയ്യന്നത്. വിമാനത്താവളത്തിലേക്കടക്കം മിന്നല്‍ വേഗത്തിലാണ് ദേശീയപാതയുടെ രണ്ട് ട്രാക്കിലും വാഹനങ്ങള്‍ ചീറിപ്പായുന്നത്. എന്നാല്‍ ഇവിടെ ട്രാഫിക് നിയന്ത്രണത്തിന് യാതൊരു സംവിധാനവുമില്ല.

ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് യുടേണില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രധാന ദുരിതം. പൊലീസ് ക്യാബിനോ, സ്റ്റോപ് ബ്രേക്കറോ, തിരിക്കുള്ള രാവിലെയും, വൈകിട്ടും ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കുകയോ, സിഗ്നല്‍ സംവിധാനം സ്ഥാപിക്കുകയോ കുറഞ്ഞത് ബ്ലിങ്കര്‍ ലൈറ്റ് എങ്കിലും അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നാണ് വിനോവിന്‍റെ ആവശ്യം.

പറമ്പയം യുടേണില്‍ അപകടം സ്ഥിരമായിട്ടും ജനപ്രതിനിധികള്‍ അടക്കം മൗനമവലംബിക്കുകയാണെന്നും വിനോവിന്‍ ആരോപിക്കുന്നു. കെഎസ്ആര്‍ടിസിയുടെ സെസിനെതിരെയും, എച്ച്ഡിഎഫ്സി ബാങ്ക് ബാലന്‍സ് നല്‍കാത്തതിനെതിരയും വിനോവിന്‍ ഒറ്റയാള്‍ സമരം സംഘടിപ്പിച്ചിട്ടുണ്ട്